ഭക്ഷ്യധാന്യ പരിശോധന: ഉദ്യോഗസ്ഥര്‍ കാര്‍ഡുടമകളുടെ വീടുകളിലേക്ക്
Tuesday, December 10, 2024 1:30 AM IST
കോഴിക്കോട്: റേഷന്‍ കടകളില്‍നിന്നു വാങ്ങുന്ന ഭക്ഷ്യസാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും കിട്ടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ കാര്‍ഡുടമകളുടെ വസതികളില്‍ പരിശോധനയ്ക്ക് എത്തുന്നു. ഇതുസംബന്ധിച്ച് മാര്‍ഗ നിര്‍ദേശമടങ്ങിയ ഉത്തരവ് പൊതുവിതരണ ഉപഭോക്തൃകമ്മീഷണര് പുറത്തിറക്കി.
റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ അളവിലും തൂക്കത്തിലും കൃത്യത ഉറപ്പുവരുത്തുന്നതിനായി മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയുടെ നിര്‍ദേശപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഉപഭോക്തൃകമ്മീഷണര് വ്യക്തമാക്കി.
താലൂക്ക് സപ്ലൈ ഓഫീസര്‍, സിറ്റി റേഷനിംഗ് ഓഫീസര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ ഓരോ മാസവും അവരവരുടെ അധികാര പരിധിയിലുള്ള റേഷന്‍ കടകളില്‍നിന്നു ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നവരുടൈ വീടുകളിലെത്തി പരിശോധന നടത്തണമെന്നാണ് ഉത്തരവ്. കൃത്യമായ അളവിലും തൂക്കത്തിലും റേഷന്‍ സാധനങ്ങള്‍ ഉടമകള്‍ക്ക് കിട്ടുന്നുണ്ടോയെന്ന് ഇവര്‍ ഉറപ്പുവരുത്തണം.
കാര്‍ഡുടമകളുടെ വിശദമായ മൊഴി രേഖപ്പെടുത്തണം. എല്ലാ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരും ഓരോ മാസവും ഇത്തരത്തില്‍ അഞ്ചു റേഷന്‍ കാര്‍ഡ് ഉടമകളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് മൊഴി രേഖെപ്പടുത്തുകയും അതത് താലൂക്ക്സപ്ലൈ ഓഫീസര്‍, സിറ്റി റേഷനിംഗ് ഓഫീസര്‍ എന്നിവര്‍ക്കു സമര്‍പ്പിച്ച് തുടര്‍ നടപടികള്‍ എടുക്കുകയും വേണം.
സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തുന്ന സമയത്ത് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിപുറത്തേക്കു പോകുന്ന ഉപഭോക്താക്കളുടെ കൈവശമുള്ള റേഷന്‍ ഭക്ഷ്യസാധനങ്ങള്‍ ബില്‍പ്രകാരമുള്ള അളവിലും തൂക്കത്തിലും ഉള്ളതാണോ എന്ന് പരിശോധിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. അപാകതകള്‍ കണ്ടെത്തിയാല്‍ പരിശോധനാ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കണം. രജിസ്റ്ററില്‍ രേഖപ്പെടുത്തി തുടര്‍ നടപടികള്‍ എടുക്കണം. താലൂക്ക് സപ്ലൈ ഓഫീസര്‍, സിറ്റി റേഷനിംഗ് ഓഫീസര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ ഓരോ മാസവും അഞ്ചു കടകളില്‍ ഇത്തരത്തില്‍ പരിശോധന നടത്തണം.
ഈ പരിശോധനയുടെ റിപ്പോര്‍ട്ട് ഡിഎസ്ഒക്ക് നല്‍കണം. ഡെപ്യൂട്ടി കണ്ട്രോളര് ഓഫ് റേഷനിംഗ്, ഡിഎസ്ഒ എന്നിവര്‍ താലൂക്ക് സപ്ലൈ ഓഫീസുകള്‍, സിറ്റി റേഷനിംഗ് ഓഫീസുകള്‍ എന്നിവടങ്ങളില്‍ പരിശോധന നടത്തുമ്പോള്‍ താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിംഗ് ഇന്‍സ്പെകര്‍മാര്‍ എന്നിവര്‍ എത്ര പരിശോധന നടത്തിയെന്നു വിലയിരുത്തണമെന്ന് ഉത്തരവില്‍ പറയുന്നു.
എതിര്‍പ്പുമായി റേഷന്‍ വ്യാപാരികള്‍
കാര്‍ഡുടമകളുടെ വീടുകളില്‍ പരിശോധന നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ റേഷന്‍ വ്യാപാരികള്‍ രംഗത്തുവന്നു. സൂചിമുനയിലൂടെ റേഷന്‍ ചോരുന്നുണ്ടോ എന്ന പരിശോധന അപഹാസ്യമാണെന്ന് ആള് കേരളാ റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂരും ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലിയും പ്രസ്താവനയില്‍ പറഞ്ഞു.