ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചു
Tuesday, December 10, 2024 1:30 AM IST
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെടുകയും സമാനതകളില്ലാത്ത ദുരന്തങ്ങൾ അതിജിവിക്കുകയും ചെയ്ത മേപ്പാടി ശ്രേയസ് നിവാസിലെ എസ്. ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചു.
വയനാട് കളക്ടറേറ്റിലെത്തി എഡിഎം കെ. ദേവകി മുന്പാകെ രജിസ്റ്ററിൽ ഒപ്പിട്ടാണ് ശ്രുതി ജോലിയിൽ പ്രവേശിച്ചത്. കളക്ടറേറ്റിലെ റവന്യു വകുപ്പിലെ പൊതുജനപരാതി വിഭാഗത്തിൽ (പിജി സെൽ) ക്ലർക്കായാണു ശ്രുതിക്ക് നിയമനം നൽകിയത്.
ജോലിയിൽ പ്രവേശിച്ചശേഷം സർക്കാരിനും സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ജോലി ലഭിച്ചതിൽ ഏറെ സന്തോഷവും മുന്നോട്ടുള്ള ജീവിതത്തിനു ജോലി കൈത്താങ്ങാണെന്നും ശ്രുതി പ്രതികരിച്ചു.
വാഹനാപകടത്തെത്തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും ജോലിക്ക് എത്തുമെന്നും ശ്രുതി പറഞ്ഞു. റവന്യുമന്ത്രി കെ. രാജൻ ശ്രുതിയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിക്കുകയും കളക്ടറേറ്റിൽ എത്തുന്പോൾ നേരിൽ കാണാമെന്നും അറിയിച്ചു.
മുണ്ടക്കൈ, ചൂരൽമല ഉരുൾദുരന്തത്തിൽ അച്ഛൻ, അമ്മ, അനിയത്തി, ബന്ധുക്കൾ എന്നിവരെ നഷ്ടപ്പെടുകയും ശ്രുതിയെ വിവാഹം കഴിക്കാനിരുന്ന വരൻ ജെൻസണ് വാഹനാപകടത്തിൽ മരണപ്പെടുകയും ചെയ്തു.
വെള്ളാർമല ഗവ. വൊക്കേഷണൽ സ്കൂളിലാണു ശ്രുതി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മേപ്പാടി സെന്റ് ജോസഫ്സ് സ്കൂളിൽ ഹയർസെക്കൻഡറി പഠനവും കൽപ്പറ്റ ഡെക്കാൻ ഐടിഐയിൽ ഡിടിപിഎ ഡിപ്ലോമയും പൂർത്തീകരിച്ചു.
നിലവിൽ ഇന്ദിരാഗാന്ധി യൂണിവേഴ്സിറ്റിയിൽ ബിഎ ഇംഗ്ലീഷിൽ മൂന്നാംവർഷ വിദ്യാർഥിയാണ്. സംസ്ഥാന സഹകരണ ക്ഷേമ ബോർഡ് വൈസ് ചെയർമാൻ സി.കെ. ശശീന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, എച്ച്എസ് വി.കെ. ഷാജി, പിജി സെൽ ജൂണിയർ സൂപ്രണ്ട് കെ. ഗീത എന്നിവർ സന്നിഹിതരായി.