എയ്ഡഡ് അധ്യാപക നിയമനം : സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് മലങ്കര കാത്തലിക് വിദ്യാഭ്യാസ കമ്മീഷൻ
Tuesday, December 10, 2024 1:30 AM IST
തിരുവനന്തപുരം: ഭിന്നശേഷി നിയമത്തിന്റെ മറവിൽ കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ 2021 മുതൽ നടപ്പിലാക്കിവരുന്ന നിയമന നിരോധനവും നിയമന അംഗീകാരം വൈകിക്കലും പതിനാറായിരത്തിൽപ്പരം വരുന്ന അധ്യാപകരുടെയും അവരുടെ കുടുംബങ്ങളെയും ഗുരുതരമായി ബാധിക്കുന്നതിനാൽ ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പിൻവലിച്ച് നീതി നടപ്പാക്കണമെന്ന് മലങ്കര കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ കമ്മീഷന്റെ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളെ ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തിൽ അവർക്കുള്ള സീറ്റുകൾ ഒഴിച്ചിട്ടിട്ട് ബാക്കി സീറ്റുകളിൽ നിയമനം നടത്താമെന്ന് മാനേജ്മെന്റുകളും വിദ്യാഭ്യാസ ഏജൻസികളും സമുദായാചാര്യന്മാരും രേഖാമൂലം ഉറപ്പുനൽകിയിട്ടും ഇപ്പോൾ നിയമിക്കുന്നവരെ താത്കാലികാടിസ്ഥാനത്തിൽ മാത്രം അംഗീകാരം നൽകി സർക്കാർ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നത് പ്രതിഷേധാർഹവും മനുഷ്യാവകാശ നിഷേധവുമാണ്. ഈ സമീപനത്തിനെതിരേ ഉയരുന്ന സമര പരിപാടികൾക്ക് ശക്തമായ പിന്തുണ നൽകാനും മലങ്കര കാത്തലിക് വിദ്യാഭ്യാസ കമ്മീഷൻ തീരുമാനിച്ചു.
തിരുവനന്തപുരം, പട്ടം കതോലിക്കേറ്റ് സെന്ററിൽ കൂടിയ സമ്മേളനം ചെയർമാൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ ഡോ. മാത്യൂസ് മാർ പോളികാർപ്പസ്, പ്രഫ. കെ.വൈ. ബെനഡിക്ട്, ഡോ. രാജേന്ദ്ര ബാബു, സിസ്റ്റർ തെരേസ പീറ്റർ ഡിഎം എന്നിവർ പ്രസംഗിച്ചു.