ഇഡബ്ല്യുഎസ് കെട്ടിട വിസ്തൃതിയിലെ കുരുക്ക് നീങ്ങുന്നു
Tuesday, December 10, 2024 1:30 AM IST
സിജോ പൈനാടത്ത്
കൊച്ചി: സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് ഇഡബ്ല്യുഎസ് ആനുകൂല്യം ലഭിക്കാന്‍ തടസമായിരുന്ന കെട്ടിട വിസ്തൃതി സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ഇളവ്.
അപേക്ഷകന്റെ വീടിന്റെയും ഹൗസ് പ്ലോട്ടിന്റെയും വിസ്തീര്ണത്തിലുണ്ടായിരുന്ന ചട്ടത്തിലെ കുരുക്കിനു പരിഹാരമായി സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
ഇഡബ്ല്യുഎസ് ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷകന്റെ ഹൗസ് പ്ലോട്ട് നഗരസഭ, കോര്പറേഷന് മേഖലയില്‍ 2.05 സെന്റിലും ഗ്രാമപഞ്ചായത്തിലെങ്കില് 4.1 സെന്റിലും കവിയരുതെന്നാണു മാനദണ്ഡം. പുതിയ ഉത്തരവുപ്രകാരം ഹൗസ് പ്ലോട്ടിന്റെ ഭൂവിസ്തൃതി നിര്‍ണയിക്കുമ്പോള്‍ കെട്ടിടനിര്‍മാണ ചട്ടപ്രകാരമുള്ള സെറ്റ് ബാക്ക്, ബില്‍ഡ് അപ്, കവേര്‍ഡ് ഏരിയകള്‍ ഒഴിച്ചു ബാക്കിയുള്ള ഭാഗം കൃഷിഭൂമിയായി കണക്കാക്കാമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റേതാണ് ഉത്തരവ്.
ഇഡബ്ല്യുഎസ് സംവരണത്തിന് ഭൂവിസ്തൃതി കണക്കാക്കുന്നതില്‍ അവ്യക്തതയുണ്ടെന്ന് സര്‍ക്കാരിനുമുന്നില്‍ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ 2022 ല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി റസിഡന്‍ഷ്യല്‍ ഏരിയയോടു ചേര്‍ന്നുകിടക്കുന്ന ഭാഗം കൃഷിസ്ഥലമായി പരിഗണിക്കാവുന്നതാണെന്ന് സംസ്ഥാനങ്ങളെ അറിയിച്ചതാണ്. എന്നാല്‍ കേന്ദ്രനിര്‍ദേശം കേരളത്തില്‍ ഉത്തരവിലൂടെ നടപ്പാക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ താത്പര്യമെടുത്തില്ല.
ഇതുമൂലം ഇഡബ്ല്യുഎസ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ താലൂക്ക് ഓഫീസുകളില്‍നിന്നു വ്യാപകമായി മടക്കുന്ന സ്ഥിതിയുണ്ടായി. പലരുടെയും ജോലിയെയും ഉപരിപഠന സാധ്യതകളെയും ഇതു പ്രതികൂലമായി ബാധിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി അഡ്വ. ജസ്റ്റിന് പള്ളിവാതുക്കല്‍ ഹൈക്കോടതിയില്‍ കഴിഞ്ഞവര്‍ഷം പൊതുതാത്പര്യ ഹര്‍ജി നല്കി. തുടര്‍ന്നു കേന്ദ്രനിര്‍ദേശം നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാരിനോടു നിര്‍ദേശിച്ചെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഇതിലെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ഹര്ജിക്കാരന് വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെയാണു സംസ്ഥാനസര്‍ക്കാര്‍ പുതിയ ഉത്തരവിറക്കാന്‍ തയാറായത്.