പിഎം ശ്രീ സമഗ്ര ശിക്ഷാ പദ്ധതിയെ കേന്ദ്രം ഉപകരണമാക്കുന്നുവെന്ന് മന്ത്രി ശിവന്‍കുട്ടി
Tuesday, December 10, 2024 1:30 AM IST
തിരുവനന്തപുരം: പിഎം ശ്രീ സ്കൂള്‍ കേരളത്തില്‍ നടപ്പാക്കുന്നതിന് സമഗ്ര ശിക്ഷാ പദ്ധതിയെ കേന്ദ്രം ഉപകരണമാക്കുന്നുവെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പിഎം ശ്രീയില്‍ തത്കാലം ഒപ്പിടേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
ദേശീയ വിദ്യാഭ്യാസനയം 2020 ഫെഡറലിസത്തിന്റെ അന്തഃസത്ത മാനിക്കാതെ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രശ്രമം. കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ഒരുവിധത്തിലും സഹായകരമല്ലാത്ത ഈ നയം നടപ്പാക്കുന്നതിലുള്ള വിയോജിപ്പ് തുടരുകയാണ്.
സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറുകയാണ് കേന്ദ്രനയത്തിലൂടെ ചെയ്യുന്നത്. അതിന് ഉദാഹരണമാണ് പിഎം ശ്രീ സ്കൂള്‍ പദ്ധതി. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ മാതൃകാ വിദ്യാലയങ്ങളായാണ് പിഎം ശ്രീ സ്കൂളുകളെ കാണുന്നത്. ഈ പദ്ധതി അംഗീകരിച്ച് അതിന്റെ എംഒയുവില്‍ ഒപ്പിട്ടില്ലെങ്കില്‍ സമഗ്ര ശിക്ഷാ കേരളയ്ക്ക് (എസ്എസ്കെ) പണം നല്‍കില്ല എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ രണ്ടു ഗഡുക്കളും ഈ സാമ്പത്തികവര്‍ഷത്തെ കേന്ദ്രവിഹിതവും നല്‍കിയിട്ടില്ല. 953.12കോടി രൂപയാണ് ലഭിക്കാനുള്ളത്.
ഇത് ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവച്ച ഫെഡറല്‍ സംവിധാനത്തെ ആകെ അപ്രസക്തമാക്കുന്ന നിലപാടാണ്. ജനാധിപത്യം, മതനിരപേക്ഷത, സ്ഥിതിസമത്വം തുടങ്ങി ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്കു വിരുദ്ധമായി വര്‍ഗീയത ചാലിച്ച ഒരു പദ്ധതിയുമായി യോജിച്ചുപോകാന്‍ മതനിരപേക്ഷതയുടെ അടിത്തറയില്‍ വികസിച്ച കേരളത്തിനാകില്ലെന്നും മന്ത്രി പറഞ്ഞു.