ജോസഫ് മാര്‍ ഗ്രിഗോറിയോസ് ശ്രേഷ്ഠ കാതോലിക്കാബാവ
Monday, December 9, 2024 4:58 AM IST
കൊച്ചി: ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത യാക്കോബായ സഭയുടെ കാതോലിക്കാ ബാവയാകും. സഭാധ്യക്ഷനായിരുന്ന ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാലം ചെയ്തതിനെത്തുടർന്നാണു നിയമനം. സഭയുടെ എപ്പിസ്കോപ്പല്‍ സൂനഹദോസ് പ്രസിഡന്റായ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ കാതോലിക്കാബാവയായി വൈകാതെ വാഴിക്കുമെന്ന് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പ്രഖ്യാപിച്ചു.
മലേക്കുരിശ് ദയറാ കത്തീഡ്രലിൽ ഇന്നലെ വിശുദ്ധ കുർബാനമധ്യേയാണു പാത്രിയർക്കീസ് ബാവ പ്രഖ്യാപനം നടത്തിയത്. പുതിയ സാഹചര്യത്തിൽ അദ്ദേഹം ഏറ്റെടുക്കാൻ പോകുന്ന ചുമതല ദുഷ്കരമായതും വളരെ ഭാരമേറിയതുമാണെന്നു വ്യക്തമാക്കിയ പാത്രിയർക്കീസ് ബാവ, സഭാമക്കളുടെ പ്രാർഥനയും പിന്തുണയും കൊണ്ട് അദ്ദേഹത്തിന് സഭയെ മുന്നോട്ടുനയിക്കാൻ കഴിയുമെന്നും പറഞ്ഞു.
സഭയുടെ ഐക്യത്തിനും ശാശ്വത സമാധാനത്തിനും വേണ്ടി സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. ഭിന്നിച്ചുനിൽക്കുന്ന സഭയിൽ ശാശ്വതമായ സമാധാനത്തിനുവേണ്ടിയാണ് താൻ മുൻകൈയെടുത്തു നേരത്തേ കമ്മിറ്റിയെ നിയോഗിച്ചതെന്നും ബാവ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ സർക്കാരും ഇതര സഭാ നേതൃത്വങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നു. രണ്ടു സഭകളിലെയും വിശ്വാസികളും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പാത്രിയർക്കീസ് ബാവ പറഞ്ഞു.
1974 മാര്‍ച്ച് 25ന് മഞ്ഞനിക്കര ദയറായില്‍ പെരുമ്പിള്ളി തിരുമേനിയില്‍നിന്ന് (ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത) ജോസഫ് മാര്‍ ഗ്രിഗോറിയോസ് ശെമ്മാശപ്പട്ടം (കോറൂയോ) സ്വീകരിച്ചു. അന്ന് ശെമ്മാശപ്പട്ടമേറ്റ 23 പേരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളും ഇദ്ദേഹമായിരുന്നു. ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയാണ് 1982ല്‍ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. 1994 മുതൽ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായി ശ്രുശ്രൂഷ ചെയ്തു വരികയായിരുന്നു.
അന്ത്യോഖ്യ പാത്രിയര്‍ക്കീസുമായി എക്കാലവും സ്നേഹോഷ്മളമായ ബന്ധം സ്ഥാപിച്ചത് ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ സഭാവഴികളില് എന്നും നന്മകളായി പരിണമിച്ചു.