മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചു; എൻ. പ്രശാന്തിന് മെമ്മോ
സ്വന്തം ലേഖകൻ
Monday, December 9, 2024 4:58 AM IST
തിരുവനന്തപുരം: സസ്പെൻഷനു ശേഷവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരേ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപം നടത്തിയ എൻ. പ്രശാന്തിനു കുറ്റാരോപണ മെമ്മോ നൽകി. സസ്പെൻഷനു ശേഷം മാധ്യമങ്ങൾ വഴി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരേ വിമർശനം നടത്തിയെന്നാണ് ചീഫ് സെക്രട്ടറി നൽകിയ കുറ്റാരോപണ മെമ്മോയിൽ പറയുന്നത്.
ധന അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെ വിമർശിച്ചതിന്റെ പേരിൽ കൃഷി വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി എൻ. പ്രശാന്തിനെ നേരത്തേ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. ജയതിലകിനെതിരേ തുടർച്ചയായ വിമർശനങ്ങൾ ഉന്നയിച്ചുവെന്നും സസ്പെൻഷന് ശേഷവും മാധ്യമങ്ങളിൽ അഭിമുഖം നൽകുക വഴി സർവീസ് ചട്ട ലംഘനം തുടർന്നുവെന്നും മെമ്മോയിൽ പറയുന്നു.
കഴിഞ്ഞ ദിവസം മത അടിസ്ഥാനത്തിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചതുമായി ബന്ധപ്പെട്ടു സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ കെ. ഗോപാലകൃഷ്ണന് കുറ്റാരോപണ മെമ്മോ നൽകിയിരുന്നു. ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് കുറ്റാരോപണ മെമ്മോ നൽകിയത്. സംസ്ഥാനത്തെ ഐഎഎസ് ഓഫീസർമാർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കണ്ടെത്തൽ.
ഓൾ ഇന്ത്യ സർവീസ് റൂൾസിലെ പെരുമാറ്റച്ചട്ടത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമാണ് ഗോപാലകൃഷ്ണൻ നടത്തിയതെന്നും മെമ്മോയിൽ പറയുന്നു. കെ. ഗോപാലകൃഷ്ണനെയും എൻ. പ്രശാന്തിനെയും ഒരേ ദിവസമാണ് സർക്കാർ സസ്പെൻഡ് ചെയ്തത്.