സഭാ ശുശ്രൂഷയുടെ അമ്പതാം വര്‍ഷത്തില്‍ മഹാനിയോഗം
സിജോ പൈനാടത്ത്
Monday, December 9, 2024 4:58 AM IST
കൊച്ചി: വര്‍ഷങ്ങള്‍ക്കപ്പുറം പള്ളിയോടും ആരാധനക്രമങ്ങളോടും തീക്ഷ്ണമായ ആഭിമുഖ്യം പുലര്‍ത്തിയ ജോസഫ് എന്ന കൊച്ചുമിടുക്കന്, പതിമൂന്നാം വയസില്‍ ശെമ്മാശപ്പട്ടമേറ്റതോടെ സഭാ ശുശ്രൂഷയ്ക്കായി പൂര്‍ണമായി സമര്‍പ്പിക്കുകയായിരുന്നു.
അമ്പതാം വര്‍ഷത്തിന്റെ സാഫല്യമറിഞ്ഞ സമര്‍പ്പിതമായ സഭാ ശുശ്രൂഷയിലേക്ക്, ശ്രേഷ്ഠ കാതോലിക്കയെന്ന മഹാനിയോഗമേല്പ്പിക്കപ്പെടുമ്പോള്, അതു ദൈവഹിതമെന്നു മാത്രം പറഞ്ഞ് അദ്ദേഹം വിനയാന്വിതനാകുന്നു. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഇനി യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക.
മാതൃ ഇടവകയായ മുളന്തുരുത്തിയിലെയും സമീപത്തെ പെരുമ്പിള്ളിയിലെയും പള്ളികളില്‍ നിരന്തരമെത്തിയിരുന്ന കുഞ്ഞുന്നാളു കളിലാണ് മാര്‍ ഗ്രിഗോറിയോസില്‍ സഭാ സ്നേഹത്തിന്റെ ആദ്യവിത്തുകള്‍ പാകിയത്. തികഞ്ഞ ദൈവഭക്തിയില്‍ ജീവിച്ച മാതാപിതാക്കള്‍ മകനെയും അതേ വഴിയിലൂടെ കൈപിടിച്ചു. പെരുമ്പിള്ളി ശ്രാമ്പിക്കല്‍ പള്ളത്തിട്ടയില്‍ വര്‍ഗീസും സാറാമ്മയുമാണ് മാതാപിതാക്കള്‍. സഹോദരങ്ങളുടെ പ്രോത്സാഹനവും ദൈവവിളിയും സമന്വയിപ്പിച്ചതോടെ പതിമൂന്നാം വയസില്‍ ദൈവവേലയിലേക്ക്.
1974 മാര്‍ച്ച് 25ന് മഞ്ഞനിക്കര ദയറായില്‍ പെരുമ്പിള്ളി തിരുമേനിയില്‍നിന്ന് (ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത) ശെമ്മാശപ്പട്ടം (കോറൂയോ) സ്വീകരിച്ചു. അന്ന് ശെമ്മാശപ്പട്ടമേറ്റ 23 പേരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളും ഇദ്ദേഹമായിരുന്നു.
പെരുമ്പിള്ളി തിരുമേനിയുടെ വാത്സല്യവും പ്രോത്സാഹനവും എന്നും പ്രചോദനമായിരുന്നെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ പേരുതന്നെയാണ് മാര്‍ ഗ്രിഗോറിയോസ് സ്വീകരിച്ചതെന്നത് ആ ഊഷ്മളബന്ധത്തിന്റെ അടയാളമായി. പെരുമ്പിള്ളി തിരുമേനിയുടെ അംശവടികളിലൊന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസിന് കൈമാറിയിരുന്നു.
ശ്രേഷ്ഠ ബസേലിയോസ് പൗലോസ് രണ്ടാമന് ബാവയാണു വൈദികപട്ടം നല്‍കിയത്. വിവിധ മേഖലകളിലെ സേവനത്തിനു ശേഷം കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായി വാഴിച്ചതും അദ്ദേഹംതന്നെ.
അന്ത്യോഖ്യ പാത്രിയര്‍ക്കീസുമായി എക്കാലവും സ്നേഹോഷ്മളമായ ബന്ധം സ്ഥാപിച്ചുവന്നത് ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ സഭാവഴികളില് എന്നും നന്മകളായി പരിണമിച്ചു. ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയാണ് 1982ല്‍ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയര്‍ത്തിയത്.
യാക്കോബായ സഭയുടെ നേതൃരംഗങ്ങളില്‍ തിളക്കമാര്‍ന്ന അധ്യായങ്ങളെഴുതിയ ജോസഫ് മാര്‍ ഗ്രിഗോറിയോസ് ശ്രേഷ്ഠ കാതോലിക്കയുടെ ദൗത്യമേല്ക്കുമ്പോള് സഭാ മക്കളും ആഹ്ലാദത്തിലാണ്.
പാത്രിയര്‍ക്കീസ് ബാവയുടെ സഹപാഠി
ഇപ്പോഴത്തെ പാത്രിയര്‍ക്കീസ് ബാവ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയനും ജോസഫ് മാര്‍ ഗ്രിഗോറിയോസും അയര്‍ലന്‍ഡില്‍ സഹപാഠികളായിരുന്നു. ബാവ റമ്പാനായിരുന്ന കാലം മുതലുള്ള സവിശേഷ സ്നേഹബന്ധം ഇപ്പോഴും ഇരുവരും തുടരുന്നു. പഴയ സഹപാഠി ഇന്നലെ പാത്രിയര്‍ക്കീസ് ബാവയെന്ന നിലയില്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ ശ്രേഷ്ഠബാവയായി നിയോഗിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയെന്നതും ശ്രദ്ധേയമായി.
തന്റെ മുന്‍ഗാമിയായ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയോടൊപ്പം സൂനഹദോസ് സെക്രട്ടറി, മെത്രാപ്പോലീത്തന്‍ ട്രസ്റ്റി, കാതോലിക്കോസ് അസിസ്റ്റന്റ് എന്നീ നിലകളിലും സേവനം ചെയ്തു.
ബാവയുടെ ഏറ്റവുമടുത്ത വിശ്വസ്തനെന്ന നിലയില്‍ സഭയെ നയിക്കുന്നതില്‍ അദ്ദേഹത്തിന്റെ മനസറിഞ്ഞ് മുന്നോട്ടു നീങ്ങാന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത എക്കാലവും ശ്രദ്ധിച്ചു.
ജോസഫ് മാര്‍ ഗ്രിഗോറിയോസ് - ജീവിത വഴി
1960 നവംബര്‍ പത്തിന് പെരുമ്പിള്ളി ശ്രാമ്പിക്കല്‍ പള്ളത്തിട്ടയില്‍ വര്‍ഗീസിന്റെയും സാറാമ്മയുടെയും മകനായി ജനനം. പരേതയായ ശാന്ത, വര്‍ഗീസ് ഉമ്മച്ചന് എന്നിവര്‍ സഹോദരങ്ങള്‍. മുളന്തുരുത്തി മാര്‍ത്തോമ്മന്‍ യാക്കോബായ സുറിയാനി കത്തീഡ്രലാണു മാതൃ ഇടവക.
പെരുമ്പിള്ളി പ്രൈമറി സ്കൂള്‍, മുളന്തുരുത്തി ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എറണാകുളം മഹാരാജാസ് കോളജില്‍നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും 1988ല്‍ അയര്‍ലൻഡ് സെന്റ് പാട്രിക് കോളജില്‍നിന്നു വേദശാസ്ത്രത്തില്‍ (ബിഡി) ബിരുദവും 1991 ഡബ്ലിന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് എംഫിലും അമേരിക്കയില്‍നിന്ന് ക്ലിനിക്കല്‍ പാസ്റ്ററല്‍ ആന്‍ഡ് കൗണ്‍സലിംഗില്‍ ഡിപ്ലോമയും കരസ്ഥമാക്കി.
പെരുമ്പിള്ളി സെന്റ് ജെയിംസ് തിയോളജിക്കല്‍ സെമിനാരിയില്‍ വൈദികപഠനം നടത്തി. 1974 മാര്‍ച്ച് 25ന് മഞ്ഞനിക്കര ദയറായില്‍വച്ച് കൊച്ചി ഭദ്രാസനത്തിന്റെ പുണ്യശ്ലോകനായ ഗീവര്‍ഗീസ് മോര് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കോറുയോ പട്ടം നൽകി. ശെമ്മാശ പട്ടമേറ്റ 23 പേരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു.
1984 മാര്‍ച്ച് 25ന് കശീശാ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 1992 നവംബര്‍ ഒന്നിന് കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1994 ജനുവരി 14ന് റമ്പാനായി ഉയര്‍ത്തപ്പെട്ടു. 1994 ജനുവരി 16ന് മോര് ഗ്രിഗോറിയോസ് എന്നപേരില്‍ മെത്രാപ്പോലീത്തയായി വാഴിച്ചു. ജനുവരി 23ന് സ്ഥാനാരോഹണ ശുശ്രൂഷ നടത്തി. 1994 മുതല്‍ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായി ശുശ്രൂഷ ചെയ്തുവരുന്നു. 18 വര്‍ഷം യാക്കോബായ സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സൂനഹദോസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
എക്യുമെനിക്കല്‍ വേദികളില്‍ സഭയുടെ പ്രതിനിധിയായും സെന്റ് തോമസ് നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് ട്രസ്റ്റിയായും പ്രവര്‍ത്തിക്കുന്നു. അങ്കമാലി മേഖല ഭദ്രാസനത്തിന്റെ താത്കാലിക ചുമതലയും വഹിക്കുന്നു. 2019 ഓഗസ്റ്റില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് സഭയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയായി. 2023 ഒക്ടോബറില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അനാരോഗ്യകാലത്തും ബാവ കാലം ചെയ്തതിനെത്തുടര്‍ന്നും സൂനഹദോസില്‍ അധ്യക്ഷത വഹിച്ചു.