രണ്ടാം കുട്ടനാട് പാക്കേജ് അടിയന്തരമായി നടപ്പിലാക്കണം: രാഷ്ട്രീയ കിസാൻ മഹാസംഘ്
Monday, December 9, 2024 4:58 AM IST
മാന്പുഴക്കരി: കുട്ടനാട്ടിലെ കർഷകർ അതീവഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അതിനായി രണ്ടാം കുട്ടനാട് പാക്കേജ് ഉടൻ നടപ്പിലാക്കണമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോ-ഓർഡിനേറ്റർ അഡ്വ. കെ.വി. ബിജു ആവശ്യപ്പെട്ടു.
രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി കുട്ടനാട് മാമ്പുഴക്കരിയിലെ ക്രിസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല നെൽകർഷക സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നെല്ലിന്റെ സംഭരണവില 40 രൂപയായി വർധിപ്പിക്കണമെന്നും നെല്ലിന്റെ വില രൊക്കം പണമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. ക്രിസിന്റെയും ഇൻഫാം ചങ്ങനാശേരി അതിരൂപതയുടെയും ഡയറക്ടർ ഫാ. തോമസ് താന്നിയത്ത് മുഖ്യപ്രഭാഷണം നടത്തി. സേവ് വെസ്റ്റേൺ ഘട്സ് പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ ജയിംസ് വടക്കൻ മോഡറേറ്ററായിരുന്നു.
സ്വാഗതസംഘം ചെയർമാൻ ചാക്കപ്പൻ ആന്റണി ആമുഖപ്രഭാഷണം നടത്തി. നെൽകർഷകരുടെ വിഷയങ്ങൾ ഉയർത്തി ഒന്പത് ദിവസം ഉപവാസം നടത്തിയ എൻകെഎസ്എസ് ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, വൈസ് ചെയർമാൻ ലാലിച്ചൻ പള്ളിവാതുക്കൽ എന്നിവരെ ആദരിച്ചു.
ജോസുകുട്ടി ഒഴുകയിൽ, നെൽകർഷക സംരക്ഷണസമിതി രക്ഷാധികാരി വി.ജെ. ലാലി, വർക്കിംഗ് ചെയർമാൻ പി.ആർ. സതീശൻ, ജോസ് ജോൺ വെങ്ങാത്തറ തുടങ്ങിയവർ പ്രസംഗിച്ചു. സമാപനസമ്മേളനം അഡ്വ. ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ചാക്കപ്പൻ ആന്റണി അധ്യക്ഷത വഹിച്ചു.