എച്ച്പിവി വാക്സിന് കാന്‍സറിനെ ഫലപ്രദമായി തടയും: ഡോ. ആര്. ശങ്കരനാരായണന്
Monday, December 9, 2024 4:37 AM IST
കൊച്ചി: സ്ത്രീകളിലെ സെര്‍വിക്കല്‍ കാന്‍സര്‍ തടയുന്നതിനായി വികസിപ്പിച്ചെടുത്ത എച്ച്പിവി വാക്സിന് ഒരു ഡോസ് കൊണ്ടുതന്നെ കാന്‍സറിനെ ഫലപ്രദമായി തടയാന്‍ സജ്ജമാണെന്ന് കാന്‍സര്‍ സ്ക്രീനിംഗ് ഗ്രൂപ്പ് മുന്‍ മേധാവിയും ലോകാരോഗ്യ സംഘടനയുടെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ സ്പെഷല്‍ അഡ്വൈസറുമായ ഡോ. ആര്. ശങ്കരനാരായണന്.
കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന അസോസിയേഷന് ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യയുടെ (എജിഒഐസിഒഎന്) 31-ാമത് വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
25 വയസിന് മുകളിലുള്ള വിവാഹിതരായ സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ വാക്സിന് സ്വീകരിച്ച സ്ത്രീകളില്‍ ഗര്‍ഭാശയ അര്‍ബുദം വരാനുള്ള സാധ്യത കുറവെന്നു കണ്ടെത്തി. സെര്‍വിക്കല്‍ കാന്‍സര്‍ തടയാനുള്ള ഫലപ്രദമായ വാക്സിനേഷനാണ് എച്ച്പിവി വാക്സിനേഷന്.
ഈ അണുബാധയോടൊപ്പം വജൈനല്‍ കാന്‍സര്‍, വല്വാ കാന്‍സര്‍, എനല്‍ കാന്‍സര്‍, പിനൈല്‍ കാന്‍സര്‍, ഓറല്‍ ആന്‍ഡ് ഓറോഫാരിങ്കയല് കാന്‍സര്‍ തുടങ്ങിയ കാന്‍സറുകളും എച്ച്പിവി വാക്സിനേഷന്‍കൊണ്ട് തടയാനാകും- ഡോ. ആര്. ശങ്കരനാരായണന് വ്യക്തമാക്കി.
രണ്ടു ദിവസമായി നടന്ന സമ്മേളനത്തില്‍ ഗൈനക്കോളജിക്കല്‍ ഓങ്കോളജിയിലെ പുരോഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയിലും വിദേശത്തുമുള്ള വിദഗ്ധര്‍ പങ്കെടുത്തു.