വയനാട് പുനരധിവാസം: ഏകോപനമില്ലാതെ സംസ്ഥാന സർക്കാർ
സ്വന്തം ലേഖകൻ
Monday, December 9, 2024 4:37 AM IST
തിരുവനന്തപുരം: സംസ്ഥാന ദുരന്തപ്രതികരണ നിധിയിലെ 677 കോടി രൂപ കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 923.02 കോടി രൂപയുണ്ടായിട്ടും വയനാട് പുനരധിവാസ പ്രവർത്തനങ്ങൾ പാളുന്നു. വയനാട് പുനരധിവാസത്തിനായി ജനങ്ങൾ നൽകിയതും സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ച് വഴി പിരിച്ചെടുത്തതുമായ 672.91 കോടി രൂപ നിലവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുണ്ടെന്നാണ് കണക്ക്.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടമായവർക്കായി 1200 ഓളം വീടുകൾ നിർമിച്ചു നൽകാമെന്നു വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ, വീടു നിർമിച്ചു നൽകാനായി ഇവർക്കു ഭൂമി കണ്ടെത്തി നൽകുന്നതിലോ അടിസ്ഥാനസൗകര്യമൊരുക്കുന്നതിലോ സർക്കാർ പരാജയപ്പെട്ടതായാണു വിമർശനം.
എസ്ഡിആർഎഫിന്റെ കണക്കുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ഹൈക്കോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കായി ജനങ്ങൾ സംഭാവന ചെയ്ത തുകയുടെ കണക്ക് ഹൈക്കോടതിയിൽ സർക്കാർ നൽകിയിട്ടുണ്ടോയെന്ന കാര്യവും വ്യക്തമല്ല. വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കണക്കില്ലെന്നായിരുന്നു ഹൈക്കോടതിയുടെ പ്രധാന വിമർശനം.
സിഎംഡിആർഎഫ് വെബ്സൈറ്റിലെ കണക്കു പ്രകാരം ഡിസംബർ ഏഴുവരെ 6780.59 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. ഇതുവരെ ചെലവഴിച്ചത് 5857.57 കോടി. 923.02 കോടി ബാക്കിയുണ്ട്.ഇതിൽ 2018-19ലെ പ്രളയകാലത്ത് 4970.29 കോടിയാണ് ദുരിതാശ്വാസ നിധിയിൽ ലഭിച്ചത്. ഇതിൽ 4738.77 കോടി ചെലവഴിച്ചു. കോവിഡ് കാലത്ത് ദുരിതാശ്വാസ നിധിയിൽ ലഭിച്ചത് 1129.74 കോടി. ചെലവാക്കിയത് 1111.15 കോടിയും.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയിൽ ഇതുവരെ ലഭിച്ചത് 680.56 കോടിയാണ്. ദുരന്തം കഴിഞ്ഞ് നാലു മാസമായിട്ടും വയനാടിന് ഇതിൽനിന്നു നൽകിയത് വെറും 7.65 കോടിയും. കേന്ദ്ര സഹായവും വയനാടിന് ലഭിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ ആധികാരികമായ പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് റിപ്പോർട്ട് വൈകിയതാണ് വയനാടിനുള്ള കേന്ദ്ര സഹായം വൈകാൻ ഇടയാക്കിയതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കഴിഞ്ഞ നവംബർ 15നാണ് പിഡിഎൻഎ റിപ്പോർട്ട് സംസ്ഥാന സർക്കാർ, കേന്ദ്രത്തിനു കൈമാറിയത്. സംസ്ഥാനം സമർപ്പിക്കേണ്ട പിഡിഎൻഎ റിപ്പോർട്ട് വൈകിച്ചത് നേരത്തെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.