ഇഎസ്എ: കര്‍ഷകരുടെ പോരാട്ടം ഫലിച്ചു ; കരട് വിജ്ഞാപനത്തിന്റെ മലയാളം പരിഭാഷ ഇറങ്ങി
ബിനു ജോർജ്
Monday, December 9, 2024 4:37 AM IST
കോഴിക്കോട്: കര്‍ഷകരുടെ നിയമപോരാട്ടത്തിനൊടുവില്‍, കേന്ദ്ര സര്‍ക്കാര്‍ ഇക്കഴിഞ്ഞ ജൂലൈ 31നു പ്രസിദ്ധീകരിച്ച ഇഎസ്എ (പരിസ്ഥിതിലോല മേഖല) ആറാമത്തെ കരടു വിജ്ഞാപനത്തിന്റെ മലയാളം പരിഭാഷ സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു.
വിജ്ഞാപനത്തിന്റെ മലയാളം പരിഭാഷ പ്രസിദ്ധീകരിക്കാത്തതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ഷക സംഘടനാ നേതാക്കള്‍ നല്കിയ ഹര്‍ജിയില്‍ ഇഎസ്എ വിജ്ഞാപനം അന്തിമമാക്കുന്നതു ഹൈക്കോടതി തടഞ്ഞതിനിടെയാണ്, രണ്ടു ദിവസം മുമ്പ് കരട് വിജ്ഞാപനത്തിന്റെ മലയാളം പരിഭാഷ വന്നത്. പരിഭാഷ പ്രസിദ്ധീകരിച്ച തീയതി മുതല്‍ 60 ദിവസം ജനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട എതിര്‍പ്പ് അറിയിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
പൂഞ്ഞാര്‍ സ്വദേശി തോംസണ്‍ കെ. ജോര്‍ജ്, തീക്കോയി സ്വദേശി ടോബിന് സെബാസ്റ്റ്യന്‍ എന്നിവരാണ് ഇഎസ്എ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിച്ച കോടതി സംസ്ഥാനത്തെ 131 വില്ലേജുകള്‍ പരിസ്ഥിതിലോല മേഖലയില്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനം അന്തിമമാക്കുന്നത് തടഞ്ഞിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സിറ്റിംഗില്‍ സ്റ്റേ ഒരു മാസത്തേക്കുകൂടി നീട്ടി ഹൈക്കോടതി ഉത്തരവായിട്ടുണ്ട്.
വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ മലയാളപരിഭാഷയും പ്രസിദ്ധീകരിക്കണമെന്നും ബന്ധപ്പെട്ട കക്ഷികളെ കേട്ടശേഷമാകണം പരിസ്ഥിതിലോല മേഖലയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി മുമ്പ് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ഈ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയ ഹര്‍ജിക്കാര്‍ പരിഭാഷ പ്രസിദ്ധപ്പെടുത്തിയശേഷം മാത്രമേ എതിര്‍പ്പ് അറിയിക്കാനുള്ള സമയം ആരംഭിക്കുകയുള്ളൂവെന്നും വിജ്ഞാപനത്തിലെ തീയതി തെറ്റാണെന്നും പ്രദേശത്തിന്റെ വ്യക്തമായ മാപ്പ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും കോടതിയെ ധരിപ്പിച്ചിരുന്നു.
കേരള ജൈവവൈവിധ്യ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ മാപ്പ് പ്രസിദ്ധീകരിച്ചതായി വിജ്ഞാപനത്തില്‍ പറയുന്നുണ്ടെങ്കിലും ലഭ്യമല്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജൂലൈ 31ന് പ്രസിദ്ധീകരിച്ച ആറാമത്തെ കരട് വിജ്ഞാപനത്തിനെതിരെ ജനങ്ങള്‍ക്ക് ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാനുള്ള കാലാവധിയായ 60 ദിവസം കഴിഞ്ഞിട്ടും ഇഎസ്എ മാപ്പുകളും മലയാളം പരിഭാഷയും ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന ആക്ഷേപം വിവിധ കര്‍ഷക സംഘടനകള്‍ ഉന്നയിച്ചിരുന്നു.