ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനു പിന്നിൽ അഴിമതി: രമേശ് ചെന്നിത്തല
Monday, December 9, 2024 4:37 AM IST
തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി ഒപ്പുവെച്ച ദീർഘകാല കരാറുകൾ റദ്ദാക്കിയതിനു പിന്നിൽ കൃത്യമായ അഴിമതി നടന്നിട്ടുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ വൈദ്യുതി മന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്നതായും ചെന്നിത്തല അറിയിച്ചു.
അദാനി ഗ്രൂപ്പിനെ കേരളത്തിന്റെ വൈദ്യുതി വിതരണ രംഗത്തേക്കു കൊണ്ടുവരുന്നതിന്റെ ആദ്യപടിയായി 2021 ൽ കെഎസ്ഇബി അദാനി ഗ്രൂപ്പിന് ലെറ്റർ ഓഫ് അവാർഡ് നൽകിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് കേരളത്തിന് വെറും 4.29 രൂപയ്ക്ക് വൈദ്യുതി നൽകാനുള്ള ദീർഘകാല കരാറുകൾ റദ്ദാക്കാനുള്ള നീക്കം പടിപടിയായി ആരംഭിച്ചതും അദാനിയിൽ നിന്നു വൻതുകയ്ക്കു വൈദ്യുതി വാങ്ങുന്നതിനുള്ള ഹ്രസ്വകാല കരാർ ഒപ്പിട്ടതും. ഈ വിഷയം 2021 ൽ ഉയർത്തിയപ്പോൾ പ്രതിപക്ഷനേതാവ് ഇല്ലാത്ത കാര്യങ്ങൾ പറയുന്നു എന്ന നിലപാടാണ് മുഖ്യമന്ത്രിയടക്കമുള്ളവർ സ്വീകരിച്ചത്.
വില കുറഞ്ഞ വൈദ്യുതി വാങ്ങാനുള്ള കരാറിൽ ക്രമക്കേടുണ്ടെന്നു വരുത്തിത്തീർക്കാൻ ഈ സർക്കാരിന്റെ കാലത്ത് സംഘടിതമായ ശ്രമങ്ങളാണ് നടന്നത്. അതേത്തുടർന്നാണ് കരാർ റദ്ദാക്കിയത്. കരാറിൽ ക്രമക്കേടുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് ഒന്നാം പിണറായി സർക്കാരിന്റ കാലത്ത് ഈ കരാർ റദ്ദാക്കിയില്ല. എന്തുകൊണ്ട് ഈ കരാറിനു ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ല തുടങ്ങിയ ചോദ്യങ്ങൾക്കു ഉത്തരം പറയേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്.
സർക്കാരിന്റെ ഈ ദുരൂഹമായ ’ചങ്ങാത്ത കോർപറേറ്റ് ’നടപടികളിലൂടെ കേരളത്തിന്റെ വൈദ്യുതിബോർഡിനുണ്ടായ 3000 കോടിയുടെ നഷ്ടത്തിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുക എന്ന കാര്യത്തിലും കേരളാ സർക്കാർ ജനങ്ങളോട് മറുപടി പറയണം.
ദീർഘകാല കരാർ റദ്ദാക്കിയതിന്റെ പിന്നിലെ അഴിമതികളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണത്തിനോ സിബിഐ അന്വേഷണത്തിനോ സർക്കാർ തയാറുണ്ടോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.