എഡിഎം നവീന്‍ ബാബുവിന്റെ മരണം : ദുരൂഹതകള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കുടുംബം
Monday, December 9, 2024 4:37 AM IST
പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയുണ്ടായിരുന്നുവെന്ന ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് ബന്ധുവും അഭിഭാഷകനുമായ അനില്‍ പി.നായര്‍.
നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ട 15ന് രാവിലെ കണ്ണൂര്‍ ടൗണ്‍ പോലീസ് തയാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് രക്തക്കറയെപ്പറ്റി പറയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലോ പോലീസിന്റെ എഫ്ഐആറിലോ രക്തക്കറയെപ്പറ്റി പരാമര്‍ശമില്ലാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് നീവീന്‍ ബാബുവിന്റെ ബന്ധുക്കളുടെ നിലപാട്.
തങ്ങളുടെ സാന്നിധ്യം ഉണ്ടാകാതിരിക്കാന്‍ ഇന്‍ക്വസ്റ്റ് നേരത്തേ നടത്തുകയായിരുന്നുവെന്നും കുടുംബത്തിന് ആക്ഷേപമുണ്ട്. മൃതദേഹം കോഴിക്കാട് മെഡിക്കല്‍ കോളജില്‍ എത്തിക്കാതെ പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിലും ദുരൂഹത ഉന്നയിച്ചിട്ടുണ്ട്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തും. സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുമ്പോള്‍ കുടുംബത്തിന്റെ ആശങ്കകള്‍ സംബന്ധിച്ച് കോടതി നിലപാട് നിര്‍ണായകമാകും.