‘പരിവര്‍ത്തന്‍ പ്രിസണ്‍ ടു പ്രൈഡ്’ പദ്ധതി ഒമ്പതാംഘട്ടം ഉദ്ഘാടനം ചെയ്തു
Monday, December 9, 2024 4:37 AM IST
കൊച്ചി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജയിലുകളിലും ജുവൈനല്‍ ഹോമുകളിലും ശിക്ഷ അനുഭവിക്കുന്നവരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പദ്ധതിയായ പരിവര്‍ത്തൻ പ്രിസണ്‍ ടു പ്രൈഡിന്റെ ഒമ്പതാം ഘട്ടവും നേഷന്‍ ഫസ്റ്റ് എന്ന പദ്ധതിയുടെ ആറാംഘട്ടവും ഐഒസി ചെയര്മാന് എ.എസ്. സാഹ്നി ഉദ്ഘാടനം ചെയ്തു.
ഈ ഘട്ടത്തില്‍ രാജ്യത്തെ 28 ജയിലുകളിലും 14 ജുവൈനല്‍ ഹോമുകളിലും കഴിയുന്ന 1650ലധികം പേര് പദ്ധതിയുടെ ഗുണഭോക്താക്കളാകും.
2021 ഓഗസ്റ്റ് 15ന് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആരംഭിച്ച പരിവര്‍ത്തന്‍ പ്രിസണ്‍ ടു പ്രൈഡ് പദ്ധതിയുടെ ഭാഗമായി രാജ്യത്താകെ 8950 ജയില്‍ ജുവൈനല്‍ ഹോം അന്തേവാസികള്‍ക്ക് വിവിധ കായിക ഇനങ്ങളില്‍ പരിശീലനവും സ്പോര്‍ട്സ് കിറ്റുകള്‍ അടങ്ങിയ സാമഗ്രികളും നല്കി. 2024ല്‍ നാലാമത് ഫിഡെ ഇന്റര്‍ കോണ്ടിനെന്റല് ഓണ്‍ലൈന്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഐഒസി പരിശീലിപ്പിച്ച ഭോപ്പാല്‍ ജുവൈനല്‍ ഹോമിലെ അന്തേവാസി സ്വര്‍ണവും കേരളത്തിലെ ഏലൂര്‍ ജുവൈനല്‍ ഹോമിലെ അന്തേവാസി വെങ്കലവും നേടിയിരുന്നു.