ഭാരതസഭയ്ക്കും ചങ്ങനാശേരി അതിരൂപതയ്ക്കും പുണ്യനിമിഷം
Sunday, December 8, 2024 1:58 AM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാംഗമായ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട് കര്‍ദിനാള്‍ തിരുസംഘത്തിലംഗമായി ഉയര്ത്തപ്പെട്ടപ്പോൾ ഭാരത സഭയ്ക്കും ചങ്ങനാശേരി അതിരൂപതയ്ക്കും അത് പുണ്യനിമിഷങ്ങളായി.
വൈദികനായിരിക്കെ കര്‍ദിനാള്‍ പദവിയിലേക്കുയര്പ്പെട്ട ആദ്യ ഭാരതീയന് എന്ന അപൂര്‍വ ബഹുമതിയോടെയാണ് മാര്‍ ജോര്‍ജ് കൂവക്കാട്ട് ഭാരതസഭയുടെ അഭിമാനം ഉയര്‍ത്തിയത്.
ഇന്നലെ വൈകുന്നേരം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ പ്രാര്ഥനാശുശ്രൂഷാ മധ്യേയാണ് ഫ്രാന്‍സിസ് പാപ്പ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ടുള്പ്പെടെ 21പേരെ കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തിയത്.
ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ടിനെ കര്‍ദിനാളായി ഉയര്‍ത്തിയ ധന്യനിമിഷം ചങ്ങനാശേരി അതിരൂപതയ്ക്കും ഒപ്പം മാതൃഇടവകയായ മാമ്മൂട് ലൂര്‍ദ്മാതാ ഇടവകയ്ക്കും ആത്മീയാനുഭവം നിറഞ്ഞ ആഹ്ലാദവേളയായി.
മാര്‍ ജോര്‍ജ് കൂവക്കാട്ടിനന്റെ മാമ്മൂട്ടിലെ കുടുംബവീട്ടില്‍ സഹോദരി ലിറ്റിയും ഭര്‍ത്താവ് മാത്യുവും മകള്‍ ഡാനിയയും അടുത്ത ബന്ധുക്കളും അമ്മ ലീലാമ്മയുടെ വടക്കേക്കരയിലുള്ള കല്ലുകളം വസതിയില്‍ വല്യമ്മ ശോശാമ്മയും മാതൃസഹോദരന്‍ സബിച്ചനും അയല്‍വാസികളും വത്തിക്കാനിലെ തല്‍സമയ ചടങ്ങുകള്‍ ടെലിവിഷനില്‍ വീക്ഷിച്ചു.
മാമ്മൂട് ലൂര്‍ദ്മാതാ പള്ളിക്കകത്ത് സ്ഥാപിച്ച വലിയ എല്‍ഇഡി സ്ക്രീനില്‍ വികാരി റവ.ഡോ.ജോണ്‍ വി.തടത്തിലിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ തിരുക്കര്‍മ്മങ്ങള്‍ ദര്‍ശിച്ചു.