ഹേമ കമ്മിറ്റി റിപ്പോർട്ട് : വിവരങ്ങൾ പുറത്തുവിടുന്നതിൽ പ്രതിസന്ധി
Sunday, December 8, 2024 1:58 AM IST
തിരുവനന്തപുരം: മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ടിൽ, സർക്കാർ മറച്ചുവച്ച വിവരങ്ങൾ പുറത്തുവിടുന്നതിൽ വീണ്ടും പ്രതിസന്ധി.
വിവരാവകാശ നിയമപ്രകാരം വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതല്ലാത്ത വിവരങ്ങൾ അപേക്ഷകർക്കു കൈമാറുന്നതിൽ അന്തിമ ഉത്തരവ് സംസ്ഥാന വിവരാവകാശ കമ്മീഷൻ ഇന്നലെ പുറപ്പെടുവിക്കാനിരിക്കേ തന്റെ വാദം കൂടി കേൾക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹർജിക്കാരൻ കമ്മീഷനു മുന്നിലെത്തി.
വിവരങ്ങൾ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ടു കമ്മീഷനു മുന്നിൽ രണ്ടാം അപ്പീൽ നൽകിയിരുന്ന ഇദ്ദേഹം തന്റെ ഭാഗം കമ്മീഷൻ കേട്ടില്ലെന്ന് ആരോപിച്ചാണ് ഇന്നലെ അന്തിമ ഉത്തരവ് പുറത്തുവിടുന്നതിനു മിനിറ്റുകൾ മാത്രം ശേഷിക്കേയാണ് തടസ ഹർജിയുമായി കമ്മീഷൻ ആസ്ഥാനത്ത് എത്തിയത്.
ഹർജി പരിഗണിച്ച കമീഷണർ ഡോ.എ. അബ്ദുൽ ഹക്കീം പരാതിക്കാരനെക്കൂടി കേസിൽ കക്ഷി ചേർക്കാൻ തീരുമാനിക്കുകയും അദ്ദേഹത്തിന്റെ വാദങ്ങൾകൂടി കേട്ടശേഷം കേസ് മറ്റൊരു ദിവസത്തേക്ക് വിധി പറയാൻ മാറ്റിവയ്ക്കുകയുമായിരുന്നു.
ഹർജിക്കാരൻ ആരാണെന്ന് വ്യക്തമാക്കാൻ വിവരാവകാശ കമ്മീഷൻ തയാറായില്ല.