പുതിയ വൈദ്യുതി കരാർ കൊണ്ടുവന്നത് അദാനിക്കു വേണ്ടിയെന്ന് രമേശ് ചെന്നിത്തല
Sunday, December 8, 2024 1:58 AM IST
തിരുവനന്തപുരം: കേരളത്തിനു കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്ന ദീർഘകാല കരാർ റദ്ദാക്കി അതിന്റെ ഇരട്ടിയിലധികം വിലയ്ക്കു വൈദ്യുതി വാങ്ങിയതു മൂലമുണ്ടായ പ്രതിസന്ധിയാണ് വൈദ്യുതി നിരക്കു വർധനയ്ക്കു കാരണമായതെന്ന് കോണ്ഗ്രസ് പ്രവർത്തക സമതിയംഗം രമേശ് ചെന്നിത്തല ആരോപിച്ചു. പുതിയ കരാറിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് അദാനിയാണെന്നും രമേശ് ആരോപിച്ചു.
യൂണിറ്റിന് 4.15 രൂപ മുതൽ 4.29 രൂപ വരെയുള്ള ദീർഘകാല കരാറുകൾ റദ്ദാക്കിയിട്ട് പകരം 10.25 രൂപ മുതൽ 14.30 രൂപ വരെ നൽകിയാണ് ഇപ്പോൾ വൈദ്യുതി വാങ്ങുന്നത്. കോടികളുടെ നഷ്ടമാണ് ഇത് മൂലം വൈദ്യുതി ബോർഡിനു സംഭവിക്കുന്നത്. ആ ഭാരമാണ് ഇപ്പോൾ ജനങ്ങളുടെ തലയിൽ അടിച്ചേല്പിക്കുന്നത്.
യുഡിഎഫ് സർക്കാരാണ് 2016 ൽ വൈദ്യുത ഉല്പാദക കന്പനികളുമായി 25 വർഷത്തെ ദീർഘകാല കരാറുകളുണ്ടാക്കിയത്. ആര്യാടൻ മുഹമ്മദായിരുന്നു അന്ന് വൈദ്യുതി വകുപ്പ് മന്ത്രി. ആകെ 765 മെഗാവാട്ടിന്റെ ആറു കരാറുകളാണ് അന്ന് വിവിധ വൈദ്യുതോത്പാദക കന്പനികളുമായി ഉണ്ടാക്കിയത്. ഇതിൽ 465 മെഗാവാട്ടിന്റെ നാലു കരാറുകളാണ് 2023 ൽ ഇടതു സർക്കാരിന് കീഴിൽ റദ്ദാക്കിയത്.
കുറഞ്ഞ നിരക്കിലുള്ള ഈ കരാറുകൾ റദ്ദാക്കിയ ശേഷം ഇടക്കാല കരാറുകളിലൂടെ വൻവിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് പ്രധാനമായും അദാനിയിൽ നിന്നാണ്. യൂണിറ്റിന് 10.25 രൂപ മുതൽ 14.03 രൂപ വരെ വില നൽകി അദാനിയിൽ നിന്ന് നാലു കരാറുകളിലൂടെയാണ് വൈദ്യുതി വാങ്ങുന്നത്.
2040 വരെ കേരളത്തിനു നാലു രൂപ നിരക്കിൽ വൈദ്യുതി നൽകാനുള്ള ബാധ്യതയിൽ നിന്ന് കന്പനികളെ രക്ഷിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. 2000 കോടി രൂപയാണ് കന്പനികൾക്ക് ലാഭമുണ്ടായിരിക്കുന്നത്. ഇതിന്റെ വിഹിതം ആർക്കൊക്കെ കിട്ടിയെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്നു രമേശ് ചെന്നിത്തല പറഞ്ഞു.