മാന്നാര്‍ ജയന്തി കൊലക്കേസില്‍ ഭര്‍ത്താവിന് വധശിക്ഷ
Sunday, December 8, 2024 1:58 AM IST
മാവേലിക്കര: മാന്നാര്‍ ജയന്തി കൊലക്കേസില്‍ ഭര്‍ത്താവിന് വധശിക്ഷ. മാന്നാര്‍ ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തിയെ (39) തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവായ കുട്ടിക്കൃഷ്ണനെ (60) വധശിക്ഷയ്ക്കു വിധിച്ചു. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി വി.ജി. ശ്രീദേവിയാണു ശിക്ഷ വിധിച്ചത്.
2004 ഏപ്രില്‍ രണ്ടിനാണ് മാന്നാറിനെ നടുക്കിയ സംഭവം നടക്കുന്നത്. കുട്ടിക്കൃഷ്ണനും ജയന്തിയും തമ്മില്‍ സംഭവ ദിവസം ഉച്ചയ്ക്ക് ശേഷം വീട്ടില്‍ വഴക്കുണ്ടായി. ജയന്തിയുടെ വാ പൊത്തിപ്പടിച്ചു ഭിത്തിയില്‍ ഇടിപ്പിച്ചു ബോധം കെടുത്തി തറയിലിട്ട് ചുറ്റിക ഉപയോഗിച്ച് തല അടിച്ചുപൊട്ടിച്ചു.
മരണം ഉറപ്പാക്കിയശേഷം അടുക്കളയില്‍ ഉപയോഗിക്കുന്ന കറിക്കത്തി കൊണ്ട് തല അറുത്തു മുറിച്ചു വേര്‍പെടുത്തി തറയില്‍ മാറ്റി വച്ചു. തല കഴുത്തുവച്ച് അറുത്തപ്പോള്‍ മുറിച്ചു മാറ്റാന്‍ കഴിയാതെ വന്നതോടെ ചുറ്റികകൊണ്ട് കത്തിയുടെ പുറത്ത് അടിച്ചാണ് മുറിച്ചുമാറ്റി അതിക്രൂരമായി കൊലപ്പെടുത്തിയത്.
അന്ന് രാത്രി കുട്ടിക്കൃഷ്ണന് ഒന്നേകാല്‍ വയസ് പ്രായമുണ്ടായിരുന്ന മകള്‍ക്കൊപ്പം മൃതശരീരത്തിന് അടുത്ത് കഴിച്ചുകൂട്ടി. പിറ്റേ ദിവസം രാവിലെ മകളുമായി പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
കുട്ടിക്കൃഷ്ണന് ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ ശേഷമാണ് വള്ളികുന്നം സ്വദേശിനിയായ ജയന്തിയെ വിവാഹം കഴിച്ചത്.
വിവാഹശേഷമാണ് ജയന്തി ആദ്യം വിവാഹം കഴിച്ചിരുന്നു എന്നും വിവാഹമോചനം നേടിയ ശേഷമാണ് കുട്ടിക്കൃഷ്ണനെ വിവാഹം കഴിച്ചത് എന്നുമുള്ള വിവരം കുട്ടിക്കൃഷ്ണന് അറിയുന്നത്. ജയന്തി ആദ്യ വിവാഹകാര്യം മറച്ചുവച്ചതും ജയന്തിക്ക് മറ്റു പുരുഷന്മാരുമായി അവിഹിതബന്ധമുണ്ടെന്നുള്ള സംശയവും മൂലമുണ്ടായ വൈരാഗ്യമായിരുന്നു ജയന്തിയെ കൊലപ്പെടുത്താന്‍ കാരണം.
പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്നും റിമാന്‍ഡില്‍ കഴിഞ്ഞ കാലയളവ് ശിക്ഷാകാലമായി കണക്കാക്കണമെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം.
ഒന്നേകാല്‍ വയസ് മാത്രമുള്ള കുഞ്ഞിന്റെ മുന്നില്‍ അമ്മയെ അതിക്രൂരമായി കൊല ചെയ്ത പ്രതി ഇളവ് അര്‍ഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന് വാദം. പ്രതിയില്‍നിന്ന് ഒരുലക്ഷം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. ഇതില്‍ 50,000 രൂപ മകള്‍ക്ക് നല്‍കണം.
കോടതിയില്‍ ഹാജരാക്കിയ ജയന്തിയുടെ സ്വര്‍ണാഭരണങ്ങളും മകള്‍ക്ക് നല്കാന് കോടതി ഉത്തരവ് ഇട്ടു. പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ പി.വി. സന്തോഷ്കുമാര്‍ ഹാജരായി.