ഈശോ ജനിച്ചുവീണ മത-സാമൂഹിക പശ്ചാത്തലം
Sunday, December 8, 2024 1:58 AM IST
റവ. ഡോ. ദേവമിത്ര നീലങ്കാവില്
ദൈവപുത്രനായ ഈശോ ഭൂമിയിൽ ജനിച്ചത് വളരെ പ്രത്യേകതകളുള്ള മത-സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിലാണ്. ബിസി 63 മുതൽ ജെറുസലേം പട്ടണത്തിൽനിന്ന് ഇസ്രയേലിൽ ഭരണം നടത്തിയിരുന്നത് വിദേശികളായ, വിജാതീയരായ റോമാക്കാരാണ്. രാഷ്ട്രീയവും സൈനികവും സാന്പത്തികവുമായ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് റോമാക്കാരാണ്.
നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഭരണരീതി റോമാക്കാർ മാറ്റുകയും തദ്ദേശീയരായ സാമന്ത രാജാക്കന്മാരിലൂടെ അവർ ഭരണം നടത്തിവരികയും ചെയ്തിരുന്നു. വൈദേശികമായ ഭാഷയും സംസ്കാരവും ഒരുപക്ഷേ ഈ ക്രമീകരണത്തിന് കാരണമായിരിക്കാം. പ്രാദേശികമായ ഭരണകർത്താക്കൾ ഉണ്ടായിരുന്നെങ്കിലും, പീലാത്തോസിനെപ്പോലുള്ള റോമാ ചക്രവർത്തി നിയോഗിച്ചിരുന്ന ഗവർണർമാർ നാട്ടുരാജ്യങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നു.
വിദേശഭരണത്തിന് കീഴിലായിരുന്ന യഹൂദ സമുദായത്തിന്റെ പശ്ചാത്തലത്തിൽ വേണം ആ കാലഘട്ടത്തിലെ മിശിഹാ എന്നുവച്ചാൽ അഭിഷിക്തൻ അഥവാ രാജാവ് എന്ന ആശയം മനസിലാക്കാൻ. മിശിഹാ വന്ന് രാജ്യം പുനഃസ്ഥാപിക്കും എന്നു പറയുന്പോൾ ഒരു രാഷ്ട്രീയ മിശിഹ എന്ന ചിന്ത വളരെ ശക്തമായിരുന്നു.
തീവ്രവാദിയായ ശിമയോനും സ്നാപകയോഹന്നാനും മതരാഷ്ട്രത്തെ വീണ്ടെടുക്കാൻ വരുന്ന മിശിഹായെ ആയുധമെടുത്ത് പൊരുതി സഹായിക്കാൻ തയാറായി നിന്നിരുന്ന തീക്ഷ്ണമതികൾ, എസേയിൻ തുടങ്ങിയ സംഘടനകളിലെ അംഗങ്ങളായിരുന്നുവെന്ന് ബൈബിൾ പണ്ഡിതർ അഭിപ്രായപ്പെടുന്നു. ഈശോയുടെ ജനനസമയത്തുണ്ടായിരുന്ന ഹേറോദ് രാജാവ് ഒരു യഹൂദൻ ആയിരുന്നില്ല. ഹേറോദ് ഇസ്മയേലിന്റെ വംശപരന്പരയിൽപ്പെട്ട ഒരു ഏദോമ്യനായിരുന്നു എന്നാണ് പണ്ഡിതാഭിപ്രായം.
റോമാക്കാരെയും യഹൂദരെയും ഉപരിവിപ്ലവമായി ഒരുപോലെ പ്രീതിപ്പെടുത്തി ഭരണം നിലനിർത്തിയിരുന്ന ഹേറോദ് ക്രൂരനും സുഖിമാനുമായ രാജാവായിരുന്നു. ഇക്കാരണത്താലാണ് പൂജരാജാക്കന്മാർ യഹൂദരുടെ രാജാവ് എവിടെ ജനിച്ചിരിക്കുന്നു എന്നു ചോദിച്ചപ്പോൾ ഹേറോദ് ആകുലനായത്.
ഈശോ ജനിച്ച്, ജീവിച്ച സമയത്ത് വിശുദ്ധ ഗ്രന്ഥം പകർത്തിയെഴുതിയിരുന്ന, യഹൂദ നിയമങ്ങൾ അവർക്ക് അനുകൂലമായി വ്യാഖ്യാനിച്ചിരുന്ന നിയമജ്ഞർ ഉണ്ടായിരുന്നു. മരണാനന്തര ജീവിതത്തിൽ വിശ്വാസമില്ലാതിരുന്ന സദുക്കായർ എന്ന വിഭാഗമാണ് ജെറുസലെം ദേവാലയം നോക്കിനടത്തിയിരുന്നത്.
മരണാനന്തര ജീവിതത്തിൽ നീതിമാന്മാർക്കായി കരുതിവച്ചിരിക്കുന്ന സ്വർഗീയ സമ്മാനത്തിൽ വിശ്വാസമില്ലാതിരുന്ന ഇക്കൂട്ടർ, ഇഹലോക ജീവിതകാലത്ത് സുഖസൗകര്യങ്ങൾ വർധിപ്പിക്കാനും ആർഭാടമായി ജീവിക്കാനും ശ്രമിച്ചിരുന്നതുകൊണ്ടാണ്, പിതാവിന്റെ ഭവനമായ, പ്രാർഥനാലയമായ ദേവാലയത്തെ കള്ളന്മാരുടെ ഗുഹയും കച്ചവടസ്ഥലവും ആക്കിത്തീർക്കുന്നതിൽ സദുക്കായർ മുഖ്യപങ്ക് വഹിച്ചത്.
മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്ന, നിയമങ്ങളുടെ അക്ഷരാർഥത്തിലുള്ള അനുഷ്ഠാനം നടത്തിയിരുന്നുവെന്ന് സ്വയം കരുതിയിരുന്ന, മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായ യഹൂദമതജീവിതം സിനഗോഗുകൾ കേന്ദ്രീകരിച്ച് ജീവിച്ചിരുന്ന ഒരു വിഭാഗമായിരുന്നു ഈശോയുടെ ജനനസമയത്തെ പ്രീശർ.
ഈ മൂന്നു കൂട്ടരെയും ഈശോ പരസ്യമായും നിശിതമായും വിമർശിക്കുന്നുണ്ട്. അവരുടെ ഉപരിപ്ലവകരമായ മനോഭാവത്തെയും ജീവിതത്തെയും ഈശോ ഉപമിച്ചത് വെള്ളയടിച്ച കുഴിമാടങ്ങളോടാണ്. മത-രാഷ്ട്ര പുനർനിർമാതാവായ മിശിഹായെ (രാജാവിനെ) പ്രതീക്ഷിച്ചിരുന്ന ആ കാലഘട്ടത്തിലെ ജനങ്ങളോട് ഈശോ പറഞ്ഞു, “എന്റെ രാജ്യം ഐഹികമല്ല”. വാളെടുത്ത് പൊരുതാൻ തയാറായി നിന്നിരുന്നവരോട് ഈശോ പറഞ്ഞു, “വാളെടുക്കുന്നവൻ വാളാലെ മരിക്കും”. ഈശോയുടെ രാജ്യം സ്വർഗരാജ്യമാണ്. എന്നും നിലനിൽക്കുന്ന ആ രാജ്യത്തിലേക്ക് നമ്മെ കൊണ്ടുപോകാനാണ് ദൈവപുത്രൻ മനുഷ്യനായത്. ഈശോയുടെ രാജ്യത്തിലേക്കുള്ള തീർഥാടനമാണ് ഈലോക ജീവിതം!