ശബരിമലയിൽ കുട്ടികളുടെ സുരക്ഷയ്ക്ക് വി ക്യുആര്‍ കോഡ് ബാന്‍ഡ് അവതരിപ്പിച്ചു
Sunday, December 8, 2024 1:58 AM IST
കൊച്ചി: ശബരിമലയില്‍ എത്തുന്ന കുട്ടികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് മണ്ഡലകാലത്ത് പോലീസുമായി മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി സഹകരിക്കും. ഇതിന്റെ ഭാഗമായി വി ക്യുആര്‍ കോഡ് ബാന്‍ഡ് അവതരിപ്പിച്ചു.
അയ്യപ്പഭക്തര്‍ക്കു പമ്പയിലെ വി സുരക്ഷാ കിയോസ്ക് സന്ദര്‍ശിച്ചു രക്ഷിതാവിന്റെയോ കുടുംബാംഗത്തിന്റെയോ മൊബൈല്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്താല്‍ ക്യുആര്‍ കോഡ് ബാന്‍ഡ് ലഭിക്കും. അത് കുട്ടിയുടെ കൈത്തണ്ടയില്‍ കെട്ടാം. കുട്ടിയെ കാണാതായാൽ, ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തു രക്ഷിതാവിന്റെയോ കുടുംബാംഗത്തിന്റെയോ രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് വിളിക്കാനാകും.
കഴിഞ്ഞവര്‍ഷം വി ക്യുആര്‍ കോഡ് ബാന്‍ഡ് അവതരിപ്പിച്ചപ്പോള്‍ ലഭിച്ച മികച്ച പ്രതികരണത്തെത്തുടര്‍ന്നാണ് ഈ വര്‍ഷവും ഇത് അവതരിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് കേരള വൈസ് പ്രസിഡന്റും സര്‍ക്കിള്‍ ഓപ്പറേഷന്‍സ് വിഭാഗം മേധാവിയുമായ ബിനു ജോസ്, പത്തനംതിട്ട അഡീഷണല്‍ പോലീസ് സൂപ്രണ്ട് ആര്. ബിനു എന്നിവരുടെ സാന്നിധ്യത്തില്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറാണ് ക്യുആര്‍ കോഡ് ബാന്‍ഡ് അവതരിപ്പിച്ചത്.