വൈദ്യുതി നിരക്ക് വര്‍ധന: അഴിമതിയാരോപണം തള്ളി മന്ത്രി കൃഷ്ണൻകുട്ടി
Sunday, December 8, 2024 1:58 AM IST
പാലക്കാട്: വൈദ്യുതിനിരക്കു വര്‍ധനയിലും അഴിമതിയാരോപണത്തിലും പ്രതികരിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭിച്ചാല്‍മാത്രമേ നിരക്കിലും കുറവു വരുത്താന്‍ പറ്റൂവെന്നു മന്ത്രി പറഞ്ഞു.
അല്ലെങ്കില്‍ കെഎസ്ഇബിയുടെ നിലനില്‍പ്പിനെ ബാധിക്കും. അടുത്തവര്‍ഷം കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാകുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്കും കുറഞ്ഞ നിരക്കില്‍ നല്‍കും.
നിരക്കുവര്ധനയ്ക്കുപിന്നില് അഴിമതിയാണന്ന പ്രതിപക്ഷത്തിന്റെ ആരോപണം മന്ത്രി തള്ളി. അദാനിയുമായി ദീര്‍ഘനാളത്തെ കരാറില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ കരാര്‍ റദ്ദാക്കിയതു കെഎസ്ഇബിയല്ല. റെഗുലേറ്ററി കമ്മീഷനാണ്.
വൈദ്യുതിനിരക്കില്‍ പകല്‍സമയം 10 പൈസ കുറയ്ക്കാന്‍ തീരുമാനിച്ച കാര്യം എന്താണു ചര്‍ച്ചയാകാത്തത്. 10 പൈസ കുറച്ചതുകൊണ്ടു ഗുണങ്ങളുണ്ട്. പകല്‍സമയം ഗ്രൈൻഡർ, വാഷിംഗ് മെഷീനുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ നിരക്കുവര്‍ധന ബാധകമാകില്ല.
2024-25 സാമ്പത്തികവര്‍ഷം കേരളം യൂണിറ്റിനു 16 പൈസയാണ് വര്‍ധിപ്പിച്ചത്. എന്നാല്‍, ഈ വര്‍ഷം 67 പൈസ വര്‍ധിപ്പിക്കണമെന്നാണ് അയല്‍സംസ്ഥാനമായ കര്‍ണാടക ആവശ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.