വൈദ്യുതി ബോർഡിന്റ പ്രതിസന്ധിക്കു കാരണം റെഗുലേറ്ററി കമ്മീഷനെന്ന് എ.കെ. ബാലൻ
Sunday, December 8, 2024 1:58 AM IST
തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയുടെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ തലതിരിഞ്ഞ നടപടികളെന്ന് മുൻ വൈദ്യുതി മന്ത്രി എ.കെ. ബാലൻ. ഒപ്പം, ചക്കിക്കൊത്ത ചങ്കരൻ എന്ന് പറഞ്ഞതുപോലെ കെഎസ്ഇബി ബോർഡിന്റെ നിലപാടുകളുമാണ്. ഗവണ്മെന്റോ വകുപ്പ് മന്ത്രിയോ അറിയാതെയാണ് പല തീരുമാനങ്ങളും ഇടക്കാലത്ത് രൂപംകൊണ്ടത്.
അതിൽ പ്രധാനപ്പെട്ട ഒന്നാണ് പവർ പർച്ചേസുമായി ബന്ധപ്പെട്ട് വൈദ്യുതി ഉത്പാദന കന്പനികളുമായി ഉണ്ടാക്കിയ ദീർഘകാല കരാർ വീണ്ടുവിചാരമില്ലാതെ റദ്ദു ചെയ്ത റെഗുലേറ്ററി കമ്മീഷന്റെ ഇടക്കാല ഉത്തരവ്. ഈ ഉത്തരവ് പ്രകാരം മിനിമം ഓരോ വർഷവും 1,000 കോടി രൂപയുടെ അധിക ബാധ്യതയാണ് വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട് കെഎസ്ഇബിക്കുണ്ടായത്.
റെഗുലേറ്ററി കമ്മീഷന്റെ തീരുമാനത്തെ ഗവണ്മെന്റ് റദ്ദ് ചെയ്ത് ദീർഘകാല കരാർ പുനഃസ്ഥാപിച്ചെങ്കിലും, കരാർ ഉണ്ടാക്കിയ മൂന്ന് കന്പനികൾ ഗവണ്മെന്റ് തീരുമാനത്തെ അംഗീകരിച്ചില്ല. എന്നാൽ, ഇതേ കന്പനികൾ തന്നെ കരാർ വ്യവസ്ഥയിൽ ഇലക്ട്രിസിറ്റി ബോർഡിന് ഒരു യൂണിറ്റിന് 4.49 പൈസ പ്രകാരം നൽകേണ്ടിയിരുന്ന വൈദ്യുതി വില നേരെ ഇരട്ടിയാക്കി കെഎസ്ഇബിക്കുതന്നെ വാങ്ങേണ്ട ഗതികേടാണ് ഉണ്ടായത്.
റെഗുലേറ്ററി കമ്മീഷൻ രൂപംകൊണ്ടത് ഈ ഉദ്ദേശ്യത്തിലല്ല, ഈ കൊള്ളയ്ക്ക് കൂട്ടുനിൽക്കാനല്ല. യുഡിഎഫ് സർക്കാരുണ്ടാക്കിയ ദീർഘകാല കരാർ ക്രമവിരുദ്ധമായിരുന്നു. അതിൽ പല താത്പര്യങ്ങളും ഉണ്ടാകും. കരാർ ഉണ്ടാക്കിയ കാലഘട്ടത്തിൽ തന്നെ സൂചിപ്പിച്ചതാണ്. എന്നാൽ അങ്ങനെ കരാർ റദ്ദ് ചെയ്യുന്പോൾ പ്രത്യാഘാതവും മനസിലാക്കേണ്ടതായിരുന്നു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള പ്രതിവിധിയും കാണേണ്ടതായിരുന്നു.
വെളുക്കാൻ തേച്ചത് പാണ്ടായി എന്നുള്ളതാണ് യാഥാർഥ്യം. റെഗുലേറ്ററി കമ്മീഷൻ യാന്ത്രികമായി നടപ്പാക്കിയ ഈ നടപടികൾ കെഎസ്ഇബിയെ വലിയ സാന്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചുവെന്നും എ.കെ. ബാലൻ പറഞ്ഞു.