ജെ​വി​ന്‍ കോ​ട്ടൂ​ര്‍

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് സം​സ്ഥാ​ന ഇ​ന്‍ഷ്വ​റ​ന്‍സ് വ​കു​പ്പു​മാ​യി ചേ​ര്‍ന്നു ക​ന്നു​കാ​ലി​ക​ള്‍ക്കു ഇ​ന്‍ഷ്വ​റ​ന്‍സ് പ​രി​ര​ക്ഷ ഏ​ര്‍പ്പെ​ടു​ത്തു​ന്നു. ഗോ​സ​മൃ​ദ്ധി എ​ന്‍എ​ല്‍എ (നാ​ഷ​ണ​ല്‍ ലൈ​വ് സ്‌​റ്റോ​ക്ക് മി​ഷ​ന്‍) എ​ന്ന പേ​രി​ലാ​ണു പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​തി​ലൂ​ടെ സം​സ്ഥാ​ന​ത്തെ അ​ര​ല​ക്ഷ​ത്തി​ൽപ്പ​രം ക​ന്നു​കാ​ലി​ക​ള്‍ക്കു പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. പി​ന്നീ​ട് പ​ദ്ധ​തി വ​ര്‍ധി​പ്പി​ക്കും. 65,000 രൂ​പ വ​രെ മ​തി​പ്പു​വി​ല​യു​ള്ള ക​ന്നു​കാ​ലി​ക​ള്‍ക്കാ​ണ് ഇ​ന്‍ഷ്വ​റ​ന്‍സ് പ​രി​ര​ക്ഷ ന​ല്കു​ന്ന​ത്. സം​സ്ഥാ​ന ഇ​ന്‍ഷ്വ​റ​ന്‍സ് വ​കു​പ്പ് (കെ​എ​സ്‌​ഐ​ഡി) ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ന്‍ഷ്വ​റ​ന്‍സ് ക​മ്പ​നി​യാ​ണ് ഇ​ന്‍ഷ്വ​റ​ന്‍സ് ന​ല്കു​ന്ന​ത്.

പൊ​തു​വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട കു​ടും​ബ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ലി​ക​ള്‍ക്ക് 50 ശ​ത​മാ​ന​വും, പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍ഗ കു​ടും​ബ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ലി​ക​ള്‍ക്ക് 70 ശ​ത​മാ​ന​വും പ്രീ​മി​യം തു​ക സ​ര്‍ക്കാ​ര്‍ സ​ബ്‌​സി​ഡി​യാ​യി ന​ല്‍കും. പ​ദ്ധ​തി​യി​ല്‍ ഒ​രു​വ​ര്‍ഷ ഇ​ന്‍ഷ്വ​റ​ന്‍സ് കാ​ല​യ​ള​വി​ലേ​ക്കാ​യി ഉ​രു​വിന്‍റെ മ​തി​പ്പു​വി​ല​യു​ടെ 4.48 ശ​ത​മാ​ന​മാ​യി​രി​ക്കും പ്രീ​മി​യം തു​ക. മൂ​ന്ന് വ​ര്‍ഷ​ത്തേ​ക്ക് ഇ​ന്‍ഷ്വ​ര്‍ ചെ​യ്യു​ന്ന​തി​നാ​യി മ​തി​പ്പു​വി​ല​യു​ടെ 10.98 ശ​ത​മാ​നം പ്രീ​മി​യം നി​ര​ക്കും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.


65,000 രൂ​പ മ​തി​പ്പ് വി​ല​യു​ള്ള കാ​ലി​ക്ക് ഒ​രു​വ​ര്‍ഷ പ്രീ​മി​യം 2,912 രൂ​പ​യാ​യി​രി​ക്കും. ഇ​തി​ല്‍ പൊ​തു​വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട കു​ടും​ബം 1,456 രൂ​പ​യാ​കും അ​ട​യ്‌​ക്കേ​ണ്ട​ത്. ത​തു​ല്യ​വി​ഹി​തം സ​ര്‍ക്കാ​ര്‍ വ​ഹി​ക്കും. പ​ട്ടി​ക​ജാ​തി കു​ടും​ബ​ത്തി​ന് 874 രൂ​പ പ്രീ​മി​യം ന​ല്‍കി​യാ​ല്‍ മ​തി​യാ​കും. 2038 രൂ​പ സ​ര്‍ക്കാ​ര്‍ വ​ഹി​ക്കും. മൂ​ന്നു വ​ര്‍ഷ പ്രീ​മി​യ​ത്തി​നും ഇ​തേ നി​ര​ക്കി​ല്‍ സ​ബ്സി​ഡി സ​ര്‍ക്കാ​ര്‍ ഉ​റ​പ്പാ​ക്കു​ന്നു.

ക​ന്നു​കാ​ലി​ക​ള്‍ക്കു പു​റ​മേ ഉ​ട​മ​ക​ള്‍ക്കും പ​ഴ്‌​സ​ണ​ല്‍ ആ​ക്സി​ഡ​ന്‍റ്് ഇ​ന്‍ഷ്വ​റ​ന്‍സ് പ​ദ്ധ​തി​ സം​സ്ഥാ​ന ഇ​ന്‍ഷ്വ​റ​ന്‍സ് വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്നു​ണ്ട്. സ​ര്‍ക്കാ​ര്‍ അ​നു​മ​തി പ്ര​കാ​രം ഒ​രു ക​ര്‍ഷ​ക​നു പ​ര​മാ​വ​ധി അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ​യാ​ണ് ഇ​ന്‍ഷ്വ​റ​ന്‍സ് ക​വ​റേ​ജ്. ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് 20 രൂ​പ എ​ന്ന നി​ര​ക്കി​ലെ നാ​മ​മാ​ത്ര പ്രീ​മി​യം മാ​ത്ര​മാ​ണു ക​ര്‍ഷ​ക​ന്‍ ന​ല്‍കേ​ണ്ട​ത്.