മദ്യനയവും മദ്യത്തിന്റെ കുത്തൊഴുക്കും ആപത്ത്: കെസിബിസി മദ്യവിരുദ്ധ സമിതി
Sunday, December 8, 2024 1:58 AM IST
കൊച്ചി: സംസ്ഥാനസര്‍ക്കാരിന്റെ മദ്യനയവും ഇതുമൂലമുള്ള മദ്യത്തിന്റെ കുത്തൊഴുക്കും പരിഷ്കൃതസമൂഹത്തിനു യോജിച്ചതല്ലെന്ന് കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന അർധവാര്‍ഷിക സമ്മേളനം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് മുക്കിലും മൂലയിലും കൂണുകള്പോലെയാണു മദ്യശാലകള്‍ വിവിധ രൂപത്തിലും ഭാവത്തിലും മുളച്ചുപൊങ്ങുന്നത്. മദ്യപന്റെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുന്ന നിലപാട് സര്‍ക്കാരും അബ്കാരികളും വെടിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പാലാരിവട്ടം പിഒസിയിൽ നടന്ന സമ്മേളനം മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ആന്റണി ജേക്കബ്, വി.ഡി. രാജു, ടി.എസ്. ഏബ്രഹാം, സി. എക്സ്. ബോണി, റോയ് മുരിക്കോലിൽ, ആന്റണി ജേക്കബ് ചാവറ, ദീപ്തി മേരി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനവും ലഹരിവിരുദ്ധ യുവജന അസംബ്ലിയും ഫെബ്രുവരി 26 ന് കോട്ടയം ലൂര്‍ദ് ഫൊറോന ഹാളില്‍ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.