പാത്രിയര്‍ക്കീസ് ബാവയുടെ കേരള സന്ദര്‍ശനം ആരംഭിച്ചു
Sunday, December 8, 2024 1:58 AM IST
കൊച്ചി: സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ കേരളത്തില്‍ അപ്പസ്തോലിക സന്ദര്‍ശനം ആരംഭിച്ചു.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ 40-ാം ഓര്‍മദിനത്തോടനുബന്ധിച്ചാണ് ബാവായുടെ ശ്ലൈഹിക സന്ദര്‍ശനം. പാത്രിയർക്കീസ് ബാവയോടൊപ്പം പാത്രിയർക്കൽ അസിസ്റ്റന്റ് മാർ ജോസഫ് ബാലി, പാത്രിയാർക്കൽ സെക്രട്ടറി മാർ ഔഗേൻ അൽക്കാസ് എന്നീ മെത്രാപ്പോലീത്തമാരും എത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ എട്ടിന് എമിറേറ്റ്സ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ പാത്രിയര്‍ക്കീസ് ബാവയെ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തില്‍ മെത്രാപ്പോലീത്തമാരും വൈദികരും വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു.
കുര്യാക്കോസ് മാർ തെയോഫിലോസ്, ഗീവർഗീസ് മാർ അത്താനാസിയോസ്, കുര്യാക്കോസ് മാർ ദിയസ്കൊറോസ്, ഏല്യാസ് മാർ അത്താനാസിയോസ്, കുര്യാക്കോസ് മാർ യൗസേബിയോസ്, മർക്കോസ് മാർ ക്രിസോസ്റ്റമോസ്, മാത്യൂസ് മാർ അഫ്രേം, ഏല്യാസ് മാർ യൂലിയോസ്, കുര്യാക്കോസ് മാർ ക്ലീമീസ്, ഗീവർഗീസ് മാർ സ്തേപ്പാനോസ്, ഐസക് മാർ ഒസ്താത്തിയോസ് എന്നീ മെത്രാപ്പോലീത്തമാരും വർഗീസ് അരീയ്ക്കൽ കോർ എപ്പിസ്കോപ്പ, വൈദിക ട്രസ്റ്റി ഫാ. റോയി ജോര്‍ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാൻഡര്‍ തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവരും പാത്രിയർക്കീസ് ബാവയെ സ്വീകരിക്കാൻ എത്തിയിരുന്നു.
സംസ്ഥാനസര്‍ക്കാരിന്റെ അതിഥികൂടിയായ പാത്രിയര്‍ക്കീസ് ബാവയെ സ്വീകരിക്കാന്‍ ബെന്നി ബെഹനാന് എംപി, എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത് തുടങ്ങിയവരും വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു.
നെടുന്പാശേരിയിൽനിന്നു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പുത്തൻകുരിശ് പാത്രിയർക്ക സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ എത്തിയ പാത്രിയർക്കീസ് ബാവ, ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കബറിങ്കൽ ധൂപപ്രാർഥന നടത്തി. ഇന്ന് മലേക്കുരിശ് ദയറ പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കും.
വൈകുന്നേരം നാലിന് പാത്രിയർക്ക സെന്ററിലെ കത്തീഡ്രലിൽ സന്ധ്യാപ്രാർഥനയ്ക്ക് നേതൃത്വം നൽകും. നാളെ പാത്രിയർക്ക സെന്ററിലെ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് ശ്രേഷ്ഠ ബാവയുടെ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും.
തുടർന്നുള്ള ദിവസങ്ങളിൽ ഏല്യാസ് തൃതീയൻ പാത്രിയർക്കീസ് ബാവ കബറടങ്ങിയിട്ടുള്ള മഞ്ഞിനിക്കര ദയറായിൽ ആയിരിക്കും. 17ന് കൊച്ചി വിമാനത്താവളത്തിൽനിന്ന് ലബനനിലേക്കു മടങ്ങും.