കുരുമുളക് വില വര്‍ധന: കര്‍ഷകര്‍ക്ക് നേട്ടമില്ല
Sunday, December 8, 2024 1:58 AM IST
ജോമി കുര്യാക്കോസ്
കോട്ടയം: കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം കുരുമുളക് ഉത്പാദനത്തില്‍ ഗണ്യമായ ഇടിവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പകുതിയില്‍ താഴെമാത്രമാണു ഉത്പാദനം. ഉയര്‍ന്ന വിലയുണ്ടെങ്കിലും ഉത്പാദനത്തിലെ കുറവ് കര്‍ഷകര്‍ക്കു തിരിച്ചടിയായി. മഞ്ഞളിപ്പ്, ദ്രുതവാട്ടം, ചരടുകൊഴിച്ചില് എന്നിവയാണു കുരുമുളക് കൃഷിയെ പ്രതികൂലമായി ബാധിച്ചത്.
സാധാരണയായി ജനുവരി മുതല്‍ മാര്‍ച്ചു വരെയുള്ള വിളവെടുപ്പിനുശേഷം കുരുമുളക് ചെടികള്‍ വാടുകയും തുടര്‍ന്നു ലഭിക്കുന്ന നൂല്‍മഴയില്‍ നന്നായി തളിര്‍ക്കുകയും ചെയ്യും. ഇങ്ങനെ തളിര്ക്കുമ്പോഴാണു കൂടുതല്‍ തിരികളിടുന്നത്. ഇത്തവണ പലസ്ഥലത്തും ചുരുങ്ങിയ സമയത്തിനുള്ളില്‍ ശക്തമായ മഴയാണു പെയ്തത്. ഇത് കുരുമുളക് തിരിയിടുന്നതിനെ പ്രതികൂലമായി ബാധിച്ചു.
കഴിഞ്ഞ ഡിസംബറിനുശേഷം മേയ് മാസത്തിലാണു നല്ല മഴ ലഭിച്ചത്. മേയ് മാസത്തിലെ മഴയ്ക്കുശേഷം ജൂണ്‍, ജൂലൈ മാസങ്ങളില്‍ തിരിവീണു. പിന്നീട് പെയ്ത ശക്തമായ മഴയില്‍ രോഗബാധയും കാറ്റില്‍ തിരികള്‍ കൊഴിഞ്ഞുപോകുകയായിരുന്നു.
ഏക്കറില്‍ ഒമ്പത് കിന്റല്‍ പച്ചക്കുരുമുളകും മൂന്നു കിന്റല്‍ ഉണക്കയും ലഭിക്കേണ്ടിടത്ത് ഇന്ന് ഒരു കിന്റല്‍ ഉണക്ക കുരുമുളകിലേക്കു കൂപ്പുകുത്തി. മിക്ക കര്‍ഷകര്‍ക്കും പകുതിയില്‍ താഴെ മാത്രമേ വിളവ് ലഭിച്ചുള്ളുവെന്ന് കര്‍ഷകനായ ഇടുക്കി കൊച്ചറ സ്വദേശി ജോര്‍ജ് ജോസഫ് പറയുന്നു.
മൊത്തവിപണയില്‍ ഈ സീസണില്‍ 720 രൂപ വരെ വില ഉയര്‍ന്ന കുരുമുളകിന് നിലവില്‍ അണ്‍ഗാര്‍ബിള്‍ഡ് 640 രൂപയും ഗാര്‍ബിള്‍ഡ് 660 രൂപയ്ക്കുമാണു കര്‍ഷകര്‍ക്ക് ലഭിക്കുന്നതെന്നും ഗുണനിലവാരം അനുസരിച്ച് നേരിയ വ്യത്യാസം വരുമെങ്കിലും കര്‍ഷകര്‍ക്ക് ലഭിക്കുന്നത് മികച്ച വിലയാണെന്നും ജോര്‍ജ് പറയുന്നു.
ഉത്പാദനത്തിലെ കുറവ് മൂലം കുരുമുളകിന്റെ വിലവര്‍ധന ഭൂരിഭാഗം കര്‍ഷകര്‍ക്കും പ്രയോജനപ്പെടുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു.