വന്ദേഭാരത് കാർഗോ ട്രെയിനുകൾ വരുന്നു
Sunday, December 8, 2024 1:58 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: ചരക്ക് ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് വന്ദേഭാരത് കാർഗോ ട്രെയിനുകൾ ആരംഭിക്കാൻ റെയിൽവേയ്ക്ക് പദ്ധതി. ഇതിന്റെ പ്രാരംഭ നടപടികൾ റെയിൽവേ മന്ത്രാലയം ആരംഭിച്ചു . രൂപകൽപ്പന അന്തിമ ഘട്ടത്തിലാണ്. ഉയർന്ന മൂല്യമുള്ള വസ്തുക്കളും ഭാരം കുറഞ്ഞ വസ്തുക്കളും അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതിനാണ് പദ്ധതി മുൻഗണന നൽകുക.
പരമ്പരാഗത ചരക്ക് ട്രെയിനുകളേക്കാൾ വേഗം കാർഗോ ട്രെയിനുകൾക്ക് ഉണ്ടാകും. മണിക്കൂറിൽ 160 മുതൽ 180 കിലോമീറ്റർ വരെ വേഗതയുള്ള ട്രെയിനുകൾ ആയിരിക്കും ഇതിനായി അവതരിപ്പിക്കുക.12 മുതൽ 24 മണിക്കൂറുകൾ വരെ യാത്രാ ദൈർഘ്യമുള്ള റൂട്ടുകൾ ആയിരിക്കും ആദ്യ ഘട്ടത്തിൽ പരിഗണിക്കുക.
അതിവേഗ ഇടനാഴികൾക്ക് മുന്തിയ പരിഗണന നൽകുമെന്നും സൂചനയുണ്ട്. വിമാന ഗതാഗത കാര്യക്ഷമതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പാർസൽ കണ്ടെയ്നറുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന തരത്തിലാണ് കോച്ചുകളുടെ നിർമിതി. എട്ട്, 11, 13 മീറ്റർ നീളത്തിലുള്ള കോച്ചുകളായിരിക്കും കാർഗോ ട്രെയിനിൽ ഉണ്ടായിരിക്കുക.
ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ജ്വല്ലറി ഐറ്റംസ്, വില കൂടിയ ലോഹങ്ങൾ, വൈരക്കല്ലുകൾ, പഴം, പച്ചക്കറികൾ, പൂക്കൾ, ചെടികൾ, മരുന്നുകൾ അടക്കമുള്ള ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ തുടങ്ങിയവ പ്രത്യേകം കൊണ്ടുപോകുന്നതിനുള്ള സംവിധാനങ്ങൾ കോച്ചുകളിൽ ഉണ്ടാകും.
ഇത്തരത്തിലുള്ള ചരക്കുകൾ കോച്ചുകളിലേക്ക് അതിവേഗം അനായാസമായി കയറ്റുന്നതിനും ഇറക്കുന്നതിനും റോളർ ഫ്ലോർ സിസ്റ്റവും കോച്ചുകളിൽ ഏർപ്പെടുത്തും.
പാർസലുകൾ കേട് വരാതിരിക്കാൻ ആധുനിക സംവിധാനങ്ങളാണ് സജ്ജീകരിക്കുന്നത്. മികച്ച സാങ്കേതിക വിദ്യയോടെ പാർസലുകളുടെ തത്സമായ ട്രാക്കിംഗിനും സൗകര്യമുണ്ട്. ഈ മേഖലയിലെ സ്വകാര്യ സർവീസുകളുമായി ആരോഗ്യകരമായ മത്സരവും റെയിൽവേ പ്രതീക്ഷിക്കുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് സമയലാഭവും സാമ്പത്തിക ലാഭവും നൽകാൻ റെയിൽവേയ്ക്ക് സാധിക്കും എന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഒറ്റ ട്രിപ്പിൽ തന്നെ കൂടുതൽ പാർസലുകൾ കൊണ്ടുപോകാൻ കാർഗോ ട്രെയിനുകൾ വഴി സാധിക്കും. ഡബിൾ ഡെക്കർ കാർഗോയും രണ്ടാം ഘട്ട പരിഗണനയിലുണ്ട്. അത് കൂടി വരുമ്പോൾ ചരക്ക് ഗതാഗത നിരക്കിൽ കുറവ് വരുത്താനും റെയിൽവേയ്ക്ക് കഴിയും.