വൈദ്യുതിനിരക്ക് : ഫിക്സഡ് ചാര്‍ജിലും വന്‍ വര്‍ധന
Saturday, December 7, 2024 2:23 AM IST
തിരുവനന്തപുരം: വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചതിനൊപ്പം ഫികസഡ് ചാര്‍ജും കുത്തനെ ഉയര്‍ത്തി. ജനുവരി മുതല്‍ പ്രതിമാസ ഫിക്സഡ് ചാര്‍ജ് 10 രൂപ മുതല്‍ 50 രൂപ വരെയാണ് വിവിധ സ്ലാബുകളിലായി ഉയര്‍ത്തിയത്. ഇതിന്റെ ഇരട്ടി തുകയാണ് ഓരോ ബില്ലിനൊപ്പവും നല്‍കേണ്ടത്.
പ്രതിമാസം101 മുതല്‍ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന സിംഗിള്‍ ഫേസ് കണക്ഷന് ഉള്ളവരുടെ ഫിക്സഡ് ചാര്‍ജ് 85 രൂപയില്‍ നിന്നും 105 രൂപയായും പ്രതിമാസം 201 മുതല്‍ 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരുടെ ഫിക്സഡ് ചാര്‍ജ് 130 രൂപയില്‍ നിന്നും 160 രൂപയായും ഉയര്‍ത്തി.
ത്രീ ഫേസ് കണക്ഷനുള്ള പ്രതിമാസം 101 മുതല്‍ 150 വരെ യൂണിറ്റ് ഉപയോഗിക്കുന്നവരുടെ ഫിക്സഡ് ചാര്‍ജ് 170 രൂപയില്‍ നിന്ന് 205 രൂപയായും 201-250 യൂണിറ്റ് പ്രതിമാസ ഉപയോഗമുള്ളവര്‍ക്ക് 200 രൂപയില്‍ നിന്ന് 235 രൂപയായും ഫിക്സഡ് ചാര്‍ജ് ഉയര്‍ത്തി.
ചെറുകിട വ്യാവസായിക വിഭാഗത്തില്‍ വരുന്ന സ്ഥാപനങ്ങളുടെ ഫിക്സഡ് ചാര്‍ജ് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തില്‍ 10 മുതല്‍ 15 രൂപ വരെ വര്‍ധന വരുത്തി.
കോഴി വളര്‍ത്തല്‍, കന്നുകാലി വളര്‍ത്തല്‍, അലങ്കാര മത്സ്യക്കൃഷി തുടങ്ങിയ കൃഷി ആവശ്യങ്ങള്‍ക്കുള്ള കണക്ഷനുകള്‍ക്ക് പ്രതിമാസം കിലോവാട്ടിന് 20 രൂപയായിരുന്ന ഫിക്സഡ് ചാര്‍ജ് 30 രൂപയായി ഉയര്‍ത്തി. കണക്ടഡ് ലോഡ് 2000 വാട്ടിന് താഴെയുള്ള ചെറിയ പെട്ടിക്കടകളുടെ ഫിക്സഡ് ചാര്‍ജില്‍ പ്രതിമാസം 10 രൂപയുടെ വര്‍ധന വരുത്തി.
ഇലക്ട്രിക് വാഹനങ്ങളുടെ പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ഫിക്സഡ് ചാര്‍ജ് ഒഴിവാക്കി. നേരത്തെ ഇത് പ്രതിമാസം കിലോവാട്ടിന് 100 രൂപ എന്ന നിരക്കിലായിരുന്നു.
വർധന ഇല്ല
• 1000 വാട്ട് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഗാർഹിക ഉപയോക്താക്കൾക്ക് താരിഫ് വർധനയില്ല
• അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയ്ക്കും താരിഫ് വർധന ബാധകമല്ല
• ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ കാൻസർ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെ ങ്കിൽ ഇവർക്ക് പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കാം. ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള കണക്ടഡ് ലോഡ് പരിധി 1000 കിലോവാട്ടിൽ നിന്നും 2000 കിലോവാട്ടായി ഉയർത്തി.
• എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സൗജന്യ നിരക്ക് തുടരും