വയനാട് പുനരധിവാസം: കടുപ്പിച്ച് ഹൈക്കോടതി
Saturday, December 7, 2024 2:23 AM IST
കൊച്ചി: വയനാട് ദുരന്ത പുനരധിവാസവുമായി ബന്ധപ്പെട്ട കണക്കുകളില്‍ വ്യക്തതയില്ലെന്ന് ഹൈക്കോടതി. ആശയക്കുഴപ്പമുണ്ടാക്കുന്ന നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവസാനിപ്പിക്കണം.
ചുരല്‍മല- മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ (എസ്ഡിആര്‍എഫ്) നിന്ന് എത്ര തുക ചെലവഴിക്കാനാകുമെന്ന് സംസ്ഥാനസര്‍ക്കാരും എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമായി ഇന്നുതന്നെ അറിയിക്കണമെന്നും ജസ്റ്റീസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി.
കണക്കുകളില്‍ വ്യക്തത വരുത്താന്‍ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അക്കൗണ്ട്സ് ഓഫീസറോട് ഇന്നു ഹാജരാകാനും നിര്‍ദേശിച്ചു.
അടിയന്തര സഹായമായി ദേശീയ ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 153.467 കോടി രൂപ നല്കാന് തീരുമാനിച്ചെന്നാണു കേന്ദ്രം അറിയിച്ചത്. എന്നാല്‍, ഈ തുക വിനിയോഗിക്കുന്നതിന് സാങ്കേതിക തടസങ്ങളുള്ളതായി സംസ്ഥാനസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടായി കേരളത്തിന്റെ പക്കലുള്ള 782.99 കോടി രൂപയുടെ പകുതിയെങ്കിലും വയനാടിന്റെ പുനരധിവാസത്തിനായി ഉപയോഗിച്ചാലേ അനുവദിച്ച 153 കോടി വിനിയോഗിക്കാനാകൂ എന്നതാണു കേന്ദ്ര നിബന്ധന. ജനങ്ങളുടെ പുനരധിവാസത്തിനു നടപടി വേണമെന്നും സാങ്കേതിക വിഷയങ്ങള്‍ പരിഹാരമല്ലെന്നും കോടതി പറഞ്ഞു.
പുനരധിവാസത്തിനായി എത്ര തുക അനുവദിച്ചു, അതു വിനിയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളില്‍ കേന്ദ്രം വ്യക്തത വരുത്തണം. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത വ്യോമസേനയുടെ ബില്‍ സംസ്ഥാനം ആദ്യം നല്‍കണമെന്നും പിന്നീട് അതു കേന്ദ്രം സംസ്ഥാനത്തിനു നല്‍കുമെന്ന കേന്ദ്രവിശദീകരണത്തിന് പണം നേരിട്ടു നല്‍കുന്നതും റീ ഇംപേഴ്സ് ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.