പെൺകുട്ടിയെ അബോധാവസ്ഥയിലാക്കിയ അപകടം; ഒമ്പതുമാസത്തിനുശേഷം കാര്‍ കണ്ടെത്തി; പ്രതി ഷജീല്‍ ഗള്‍ഫിൽ
Saturday, December 7, 2024 1:51 AM IST
വടകര: കാറിടിച്ച് മുത്തശി മരിക്കുകയും പേരമകള്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലാവുകയും ചെയ്ത സംഭവത്തിലെ വാഹനം കണ്ടെത്തി. ഇടിച്ച കാര്‍ ഏതാണ്ട് ഒമ്പതു മാസത്തിനുശേഷം ക്രൈംബ്രാഞ്ച് പിടികൂടി. കാര്‍ ഓടിച്ച് അപകടം വരുത്തിയ പ്രതി ഗള്‍ഫിലേക്ക് കടന്നതായി വ്യക്തമായി.
ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി വടകര ചോറോട് അമൃതാനന്ദമയിമഠം ബസ് സ്റ്റോപ്പിനു സമീപമുണ്ടായ അപകടത്തില്‍ തലശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബി (62) മരിക്കുകയും മകളുടെ മകള്‍ ഒമ്പത് വയസുകാരി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്ത സംഭവം സമൂഹത്തെയാകെ നടുക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. ഇടിച്ചിട്ട കാര്‍ കണ്ടെത്തിയെന്ന് റൂറല്‍ എസ്പി പി. നിധിന്‍രാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അപകടം വരുത്തിയ മാരുതി സ്വിഫ്റ്റ് കാര്‍ പിടിച്ചെടുത്തെന്നും വാഹനമോടിച്ച ആര്‍സി ഉടമ പുറമേരി സ്വദേശി മീത്തലെ പുനത്തില്‍ ഷജീല്‍ (35) വിദേശത്തേക്കു കടന്നുവെന്നും എസ്പി വ്യക്തമാക്കി.
അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുകയുമായിരുന്നു. പിടിക്കപ്പെടുമെന്നു കരുതി രക്ഷപ്പെട്ടതാണെന്നും പിന്നീട് കാറിനു രൂപമാറ്റം വരുത്തിയെന്നും എസ്പി പറഞ്ഞു. അന്ന് പോലീസിനു കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇന്‍ഷ്വറന്‍സ് ക്ലെയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണെന്നു വ്യക്തമായത്.മനഃപൂര്‍വമായ നരഹത്യക്ക് ഷജീലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ യുഎഇയിലുള്ള ഷജീലിനെ ഉടന്‍ നാട്ടിലെത്തിക്കും.
മാര്‍ച്ച് 14നാണ് പ്രതി വിദേശത്തേക്ക് കടന്നത്. അപകടം നടക്കുമ്പോള്‍ വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധയില്‍പ്പെടാത്തതും പ്രദേശത്ത് സിസിടിവി ഇല്ലാത്തതും അന്വേഷണ ഘട്ടത്തില്‍ പോലീസിന് മുന്നില്‍ വെല്ലുവിളിയായിരുന്നു. പിന്നാലെ ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.
അപകടദിവസം രാത്രി ഒമ്പതോടെ ചോറോട്ടെ ബന്ധുവീട്ടിലേക്ക് പോകാനായി ബസിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വെള്ളനിറത്തിലുള്ള കാര്‍ ബേബിയെയും ദൃഷാനയെ യും ഇടിച്ചുവീഴ്ത്തിയത്. ആശുപത്രിയിലെത്തിക്കുന്പോൾ ബേബി മരിച്ചു. ദൃഷാന അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കണ്ണൂര്‍ മേലെചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന.ബാലിക ഇപ്പോഴും അബോധാ വസ്ഥയിലാണ്. അപകടം നടന്നശേഷം പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നെങ്കിലും തെളിവൊന്നും കിട്ടിയിരുന്നില്ല. പിന്നീട് അന്വേഷണം ഇഴഞ്ഞു. ഇതോടെ ബന്ധുക്കള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ക്ക് പരാതി നല്കി.
കേസ് ഹൈക്കോടതിയിലുമെത്തി. തുടര്‍ന്നാണ് വീണ്ടും അന്വേഷണം ഊര്‍ജിതമായതും കേസിനു തുമ്പുണ്ടായതും.