നവീന്‍ ബാബുവിന്റെ മരണം: അന്വേഷിക്കാമെന്ന് സിബിഐ; വേണ്ടെന്നു സര്‍ക്കാര്‍
Saturday, December 7, 2024 1:51 AM IST
കൊച്ചി: കണ്ണൂർ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ നിലപാട്. പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേസ് ഡയറി പരിശോധിച്ചശേഷം ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. ഹര്‍ജി 12ന് വീണ്ടും പരിഗണിക്കും. നവീന്‍ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ടു ഭാര്യ മഞ്ജുഷ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
ഹൈക്കോടതി ഉത്തരവിട്ടാല്‍ അന്വേഷണം ഏറ്റെടുക്കാമെന്നായിരുന്നു സിബിഐയുടെ നിലപാട്. കേസില്‍ സിബിഐയുടെ ആവശ്യമുണ്ടോ എന്നതാണു ചോദ്യമെന്ന് കോടതി വാക്കാല്‍ പറഞ്ഞു. പോലീസ് അന്വേഷണം പക്ഷപാതപരമാണെന്നതിനു നിലവില്‍ തെളിവുകളില്ല. പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുള്ളതുകൊണ്ടു മാത്രം കേസ് വഴിതെറ്റിയെന്നു പറയാനാകില്ലെന്നും കോടതി പരാമര്‍ശിച്ചു.
കണ്ണൂര്‍ കമ്മീഷണറാണ് പ്രത്യേക അന്വേഷണസംഘത്തിനു മേല്‍നോട്ടം വഹിക്കുന്നത്. ഇതില്‍ തൃപ്തിയുണ്ടോയെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥന് വേണമെന്ന അഭിപ്രായമുണ്ടോയെന്നും ഹര്‍ജിക്കാരിയോട് കോടതി ആരാഞ്ഞു. നരഹത്യയടക്കം സംശയിക്കുന്നതിനാല്‍ സിബിഐ അന്വേഷണം വേണമെന്ന വാദത്തില്‍ ഹര്‍ജിക്കാരി ഉറച്ചുനിന്നു.
നവീന്റെ ദേഹപരിശോധനയിലും ഇന്‍ക്വസ്റ്റിലും പരിക്കുകള്‍ കണ്ടെത്തിയോയെന്നും കോടതി ചോദിച്ചു. ഇല്ലെന്ന് പ്രോസിക്യൂഷന് അറിയിച്ചു. കേസ് ഡയറി പരിശോധിച്ചു വ്യക്തത തേടാമെന്നു പറഞ്ഞ കോടതി, സര്‍ക്കാരിനോട് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
ഭര്‍ത്താവിന്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും അതിനു പിന്‍ബലമായ വസ്തുതകളുണ്ടെന്നും ചുണ്ടിക്കാട്ടിയാണ് മഞ്ജുഷ കോടതിയെ സമീപിച്ചത്. സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന പ്രതി പി.പി. ദിവ്യക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ പോലീസില്‍നിന്നു നിഷ്പക്ഷമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്നും ആരോപിച്ചിരുന്നു.
പ്രോട്ടോകോളില്‍ പ്രതിയേക്കാള്‍ താഴെയുള്ള ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. നവീന്‍ കോഴ വാങ്ങിയെന്നാരോപിച്ചു പെട്രോള്‍ പമ്പ് അപേക്ഷകന് മുഖ്യമന്ത്രിക്ക് അയച്ചതായി പറയുന്ന കത്ത് കെട്ടിച്ചമച്ചതാണ്. പ്രതിക്ക് അനുകൂലമായി രേഖകള്‍ ചമയ്ക്കാന്‍ അന്വേഷണസംഘം കൂട്ടുനില്‍ക്കുകയാണെന്നും ഹർജിക്കാരി ആരോപിച്ചിരുന്നു.