കർഷക ക്ഷേമനിധി പെൻഷൻ പദ്ധതി: വേണോ, വേണ്ടയോ ?; ആശയക്കുഴപ്പത്തിൽ സർക്കാർ
Saturday, December 7, 2024 1:51 AM IST
റെനീഷ് മാത്യു
കണ്ണൂർ: ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലയളവിൽ തുടക്കമിട്ട കർഷക ക്ഷേമനിധി പെൻഷൻ പദ്ധതി തുടരാൻ താത്പര്യമില്ലാതെ സർക്കാർ.
പെൻഷൻ പദ്ധതി സർക്കാരിനു ബാധ്യതയാകുമെന്നു ധനകാര്യവകുപ്പ് റിപ്പോർട്ട് നല്കിയതായാണു സൂചന. പെൻഷൻ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ നടത്തേണ്ട ഓഫീസുകളുടെ പ്രവർത്തനവും ഫണ്ടില്ലാത്തതിനാൽ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
2027 ജനുവരി മുതൽ കർഷക പെൻഷൻ പദ്ധതിയിൽ ചേർന്നവർക്കു പെൻഷൻ കൊടുത്തു തുടങ്ങേണ്ടതാണ്. എന്നാൽ, തുകയിലും മറ്റാനുകൂല്യങ്ങൾ നല്കുന്നതിലും സർക്കാർ ഇതുവരെയും തീരുമാനമായിട്ടില്ല.
കർഷക ക്ഷേമനിധി പെൻഷനായുള്ള കർഷക രജിസ്ട്രേഷൻ ഓൺലൈൻ മുഖാന്തരം നടത്തുന്നതിനുള്ള സോഫ്റ്റ്വേർ 2021 ഡിസംബർ ഒന്നിനാണു കൃഷിമന്ത്രി തുറന്നുകൊടുത്തത്. എന്നാൽ, 2024 നവംബർ 30 വരെ 11,852 പേരുടെ രജിസ്ട്രേഷൻ മാത്രമാണു പൂർത്തിയായിരിക്കുന്നത്.
പദ്ധതിയുടെ തുടക്കത്തിൽ 20 ലക്ഷം അംഗങ്ങളെ ചേർക്കാൻ ശ്രമിച്ച സർക്കാരിനു മൂന്നുവർഷം കഴിഞ്ഞിട്ടും 20,000 അംഗങ്ങളെപോലും ചേർക്കാൻ സാധിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപ് പ്രഖ്യാപിച്ച കർഷക പെൻഷൻ പദ്ധതി മന്ത്രിസഭ അംഗീകരിക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രജിസ്ട്രേഷൻ നടപടികൾ പരിശോധിക്കാൻ കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവടങ്ങളിലാണ് ഓഫീസുകൾ പ്രവർത്തിക്കുന്നത്. എന്നാൽ, പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇവിടെയും നടക്കുന്നില്ല.
രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന കർഷകർക്ക് പ്രതിമാസം അംശാദായം അടയ്ക്കാനുള്ള കുറഞ്ഞ തുക 100 രൂപയാണ്. 100 രൂപ കർഷകൻ അടച്ചുകഴിഞ്ഞാൽ 100 രൂപ സർക്കാർ അടയ്ക്കണം. ഇങ്ങനെ 250 രൂപ വരെ സർക്കാരിന്റെ തുകയായി അടയ്ക്കും. എന്നാൽ സർക്കാർ ഇതുവരെയും തുക അടച്ചിട്ടില്ല.
കൃഷിക്കാർ അടച്ച തുക മാത്രമാണ് ബാങ്കിൽ ഉള്ളത്. അതിനാൽ, കൃഷിക്കാരുടെ തുകയ്ക്കുള്ള പലിശ മാത്രമാണ് ബാങ്കിൽ ഉള്ളത്.