നടൻ ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന: വിമർശിച്ച് കോടതി
Saturday, December 7, 2024 1:51 AM IST
കൊച്ചി: നടന് ദിലീപിനും സംഘത്തിനും ശബരിമല സന്നിധാനത്ത് വിഐപി പരിഗണനയില്‍ ദര്‍ശനത്തിന് അവസരമൊരുക്കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി. കുട്ടികളടക്കം നിരവധി തീര്‍ഥാടകര്‍ കാത്തുനില്ക്കുമ്പോള് സിനിമാ താരത്തിന് കൂടുതല്‍ സമയം ദര്‍ശനത്തിന് അനുമതി നല്‍കിയത് എങ്ങനെയെന്ന് ഡിവിഷന് ബെഞ്ച് ചോദിച്ചു.
ഇത്തരം കാര്യങ്ങള്‍ അനുവദനീയമല്ലെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടിവരുമെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീ കൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് മുന്നറിയിപ്പ് നല്കി.
ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍, പോലീസ് സ്പെഷല്‍ ഓഫീസര്‍, സോപാനം സ്പെഷൽ ഓഫീസര്‍ എന്നിവരില്‍നിന്ന് കോടതി വിശദീകരണം തേടി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടിയെടുക്കണം. സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
ശബരിമലയില്‍ മണിക്കൂറുകള്‍ ക്യൂവില്‍നിന്ന ഭക്തര്‍ക്കാണ് ഇതുമൂലം കൃത്യമായി ദര്‍ശനം നടത്താനാകാതെ മടങ്ങിപ്പോകേണ്ടിവന്നതെന്ന് കോടതി വിമര്‍ശിച്ചു.
ഹരിവരാസനം ചൊല്ലിത്തീരുംവരെ സോപാനത്തിനു മുന്നില്‍ പോലീസ് അകമ്പടിയോടെ ദിലീപിന് തൊഴുതു നില്ക്കാന് ആരാണ് അവസരമൊരുക്കിയതെന്നും ദേവസ്വം ബെഞ്ച് ആരാഞ്ഞു. ദിലീപിനെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടതാണെന്ന് കോടതി വാദത്തിനിടെ പറഞ്ഞു.
മുന്‍ ഉത്തരവുകള്‍ക്കു വിരുദ്ധമായിട്ടാണ് വിഐപി ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡ് അടക്കം ബന്ധപ്പെട്ട കക്ഷികളുടെ മറുപടി സത്യവാങ്മൂലം ലഭിച്ചശേഷം എന്തു വേണമെന്ന് ആലോചിക്കാമെന്നും കോടതി വ്യക്തമാക്കി.