കൃഷിവകുപ്പിന് പുതിയ കാർ: ധനവകുപ്പിനെ ഓവർടേക് ചെയ്ത് അനുമതിനേടി മന്ത്രി പി. പ്രസാദ്
Saturday, December 7, 2024 1:51 AM IST
തിരുവനന്തപുരം: കാർഷിക വിലനിർണയ ബോർഡിന് പുതിയ ഇന്നോവ കാർ അനുവദിക്കണമെന്ന കൃഷിമന്ത്രി പി. പ്രസാദിന്റെ നിർദേശം തള്ളി ധനവകുപ്പ്. തർക്കം മുഖ്യമന്ത്രിക്കു മുന്നിലെത്തിയതോടെ മന്ത്രിസഭയിലേക്കു വിടാൻ നിർദേശിച്ചു. ഒടുവിൽ മന്ത്രിസഭാ അംഗീകാരത്തോടെ കൃഷി വകുപ്പു ചോദിച്ച കാർ വാങ്ങാൻ 18.93 ലക്ഷം രൂപ അനുവദിച്ചു.
സംസ്ഥാന കാർഷിക വിലനിർണയ ബോർഡ് ചെയർമാന് പുതിയ ഇന്നവോ ക്രിസ്റ്റോ കാർ വാങ്ങാൻ പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷി വകുപ്പ് ധനവകുപ്പിനു കത്തു നൽകിയിരുന്നു. എന്നാൽ സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ നിൽക്കേ കാർ വാടകയ്ക്ക് എടുക്കാൻ ധനവകുപ്പ് കൃഷി വകുപ്പിനു നിർദേശം നൽകി. കാർ വാടകയ്ക്ക് എടുത്താൽ പ്രതിമാസം 52,000 രൂപ വീതം നൽകേണ്ടി വരുമെന്നും മൂന്നോ നാലോ വർഷത്തെ വാടക തുക മതി കാർ വാങ്ങാനെന്നും ചൂണ്ടിക്കാട്ടി കൃഷി വകുപ്പ് ധനവകുപ്പിനു മറുപടി നൽകി.
പുതിയ കാർ വേണമെന്ന ആവശ്യവുമായി കൃഷി മന്ത്രി പി. പ്രസാദ്, മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. പുതിയ കാർ വേണമെന്ന സിപിഐ മന്ത്രിയുടെ കടുത്ത സമ്മർദത്തെ തുടർന്ന് ഒക്ടോബർ 22ന് ഇത് അജൻഡയാക്കി മന്ത്രിസഭയിൽ കൊണ്ടുവരാൻ മുഖ്യമന്ത്രി നിർദേശിച്ചു.
ഇതേ തുടർന്ന് നവംബർ 18ന് മന്ത്രിസഭയിൽ സമർപ്പിക്കാനുള്ള കരട് കുറിപ്പ് കൃഷിമന്ത്രി അംഗീകരിച്ചു.
നവംബർ 27നു ചേർന്ന മന്ത്രിസഭ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ കൂടി സാന്നിധ്യത്തിൽ അജൻഡ അംഗീകരിച്ചു. ഇന്നോവ ക്രിസ്റ്റ വാങ്ങാൻ 18,93,917 രൂപ അനുവദിച്ചു.
സംസ്ഥാനത്തെ കാർഷിക മേഖല കടുത്ത തളർച്ച നേരിടുന്പോഴാണ് കാർഷിക വിലനിർണയ സമിതി ചെയർമാന് പുതിയ കാർ വാങ്ങാനായി സമ്മർദവുമായി കൃഷിവകുപ്പ് നീങ്ങിയതെന്ന ആരോപണവുമുയരുന്നത്.