എയ്ഡഡ് സ്കൂൾ നിയമന നിയന്ത്രണം ഒഴിവാക്കണം: മാനേജേഴ്സ് അസോസിയേഷൻ
Saturday, December 7, 2024 1:51 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ സ്ഥിര നിയമനത്തിനുള്ള അനാവശ്യ നിയന്ത്രണം ഒഴിവാക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ പ്രസിഡന്റ് മോണ്‍. വർക്കി ആറ്റുപുറത്ത് കോർഎപ്പിസ്കോപ്പ, സെക്രട്ടറി ഫാ. സിജോ ഇളംകുന്നപ്പുഴ എന്നിവർ ആവശ്യപ്പെട്ടു.
ഭിന്നശേഷി സംവരണം പാലിക്കാൻ എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് തയാറാണ്. ഭിന്നശേഷിക്കാർക്കായി മാറ്റി വച്ചിട്ടുള്ള ഒഴിവുകളിൽ ഒഴികെ മറ്റു സ്ഥിരം ഒഴിവുകളിൽ 2018-നും 2021-നും ഇടയിൽ സ്ഥിരമായി നിയമിതരായവർക്ക് ശന്പള സ്കെയിലിൽ താത്കാലികമായും 2021 മുതൽ സ്ഥിരമായി നിയമിതരായവർക്ക് ദിവസവേതനാടി സ്ഥാനത്തിലും ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതുവരെ ശന്പളം നൽകാനായിരുന്നു 2024 നവംബർ 30 നു മുന്‍പുവരെയുള്ള ഉത്തരവുകൾ.
അതനുസരിച്ച് നിയമിതരായവരിൽ കുറച്ചു പേർക്ക് അംഗീകാരം ലഭിച്ചു. എന്നാൽ 2024 നവംബർ 30 ലെ ഉത്തരവ് അനുസരിച്ച് 2021 മുതൽ സ്ഥിരം ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ മാത്രമേ നിയമനം നടത്താൻ കഴിയൂ.
ദിവസവേതനത്തിൽ നിയമിതരാവുകയും ദിവസവേതനത്തിൽ അംഗീകാരം നേടുകയും ചെയ്യുന്നവർക്ക് ഭിന്നശേഷി സംവരണം പാലിച്ചു കഴിയുന്പോൾ ശന്പള സ്കെയിലിൽ സ്ഥിരാംഗീകാരം നൽകാമെന്ന് ഉത്തരവിൽ പറയുന്നില്ല. സ്ഥിരം ഒഴിവുകളിൽ ദിവസ വേതനത്തിൽ നിയമിതരാവുകയും അംഗീകാരം നേടുകയും ചെയ്യുന്നവർ എന്നും ദിവസവേതനത്തിൽ തുടരേണ്ടിവരും. അവർക്ക് സ്ഥിരാംഗീകാരത്തിന് ഒരു അവകാശവും ഉണ്ടായിരിക്കുകയില്ല.
കഴിഞ്ഞ നവംബർ 30 ലെ ഉത്തരവ് മുൻകാല പ്രാബല്യത്തോടെയാണ് ഇറക്കിയിരിക്കുന്നത്.2021 മുതൽ അന്നത്തെ ധാരണയനുസരിച്ച് സ്ഥിരം ഒഴിവുകളിൽ സ്ഥിരം നിയമനം നേടിയവരുടെ നിയമനങ്ങൾ റദ്ദ് ചെയ്ത് ദിവസവേതനത്തിൽ മാറ്റി നൽകണം. ഇതിനോടകം അംഗീകാരം ലഭിച്ചവരുടെ അംഗീകാരം പിൻവലിക്കേണ്ടതില്ലെന്നറിയുന്നു. ഓരേ കാലയളവിൽ നിയമിതരായവരിൽ അംഗീകാരം കിട്ടിയവർക്ക് ഒരു നീതി, അംഗീകാരം കിട്ടാത്തവർക്ക് മറ്റൊരു നീതിയെന്ന അവസ്ഥയാണുണ്ടാകുന്നത്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ആവശ്യപ്പെട്ടിട്ടും പത്രപരസ്യം നൽകിയിട്ടും ആവശ്യത്തിന് ഭിന്നശേഷിക്കാരെ ലഭിക്കുന്നില്ല. വളരെ പരിമിതമായ മാനേജ്മെന്റുകളിൽ മാത്രമാണ് ഭിന്നശേഷി സംവരണം പൂർത്തീകരിക്കാൻ സാധിച്ചത്. ഭിന്നശേഷി സംവരണം പൂർത്തീകരിച്ചശേഷം മാത്രമേ സ്ഥിരനിയമനവും സ്ഥിര അംഗീകാരവും പാടുള്ളൂയെങ്കിൽ അത് ഈ തലമുറയിലോ ഈ നൂറ്റാണ്ടിലോ നടക്കുമെന്ന് തോന്നുന്നില്ല.
അങ്ങനെയെങ്കിൽ എയ്ഡഡ് സ്കൂളുകളിലൊന്നും ഇനിയും സ്ഥിരം നിയമനം നടക്കുകയില്ല. ദിവസവേതനക്കാരെക്കൊണ്ടുമാത്രം എയ്ഡഡ് സ്കൂളുകൾ നടത്തേണ്ടിവരും. സർക്കാർ ഈ വിഷയത്തിന്റെ ഗൗരവം പഠിക്കുകയോ അത് ഗൗരവമായി കോടതിയിൽ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല.
ഭിന്നശേഷിക്കാർക്ക് അവകാശപ്പെട്ട മുഴുവൻ ഒഴിവുകളും അവർക്കുവേണ്ടി മാനേജ്മെന്റ് മാറ്റി വച്ചിട്ടുള്ളതാണ്, അവർ എപ്പോൾ വന്നാലും നിയമനം നൽകും മറ്റ് സ്ഥിരം ഒഴിവുകളിൽ സ്ഥിരം നിയമനം നടത്താൻ അനുവദിക്കുകയും അതിന് സ്ഥിരം അംഗീകാരം നൽകുകയും ചെയ്യേണ്ടതാണെന്നും മാനേജ്മെന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.
മാനേജ്മെന്റുകളുടെ യോഗം വിളിച്ച് സർക്കാർ
തിരുവനന്തപുരം: എയ്ഡഡ് മേഖലയിലെ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബർ 30 ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ വിവാദ സർക്കുലറിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് മാനേജ്മെന്റുകളുടെ യോഗം വിളിച്ച് സർക്കാർ. ഈ മാസം ഒൻപതിനാണ് വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം വിളിച്ചിട്ടുള്ളത്.