അന്താരാഷ്ട്ര നിർമിത ബുദ്ധി കോണ്‍ക്ലേവ് തിരുവനന്തപുരത്ത്
Saturday, December 7, 2024 1:51 AM IST
തിരുവനന്തപുരം: നിർമിതബുദ്ധി ഉന്നത വിദ്യാഭ്യാസരംഗത്ത് തുറന്നിടുന്ന സാധ്യതകൾ ചർച്ച ചെയ്യാൻ അന്താരാഷ്ട്ര കോണ്‍ക്ലേവിന്റെ രണ്ടാം എഡിഷൻ നാളെ മുതൽ 10 വരെ തിരുവനന്തപുരത്തു നടക്കും.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മുൻകൈയിൽ ഐഎച്ച്ആർഡി സംഘടിപ്പിക്കുന്ന കോണ്‍ക്ലേവ് കനകക്കുന്ന് കൊട്ടാരത്തിലും അനുബന്ധ വേദികളിലുമായി നടക്കുമെന്നു മന്ത്രി ആർ.ബിന്ദു അറിയിച്ചു.
വിവിധ വിഷയങ്ങളിൽ ഐഐടികൾ, ഐഐഎസ്സി, വിദേശ സർവകലാശാലകൾ അടക്കമുള്ള ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബഹുരാഷ്ട്ര കന്പനികൾ എന്നിവയിൽ നിന്നുളള സാങ്കേതിക വിദഗ്ധർ പ്രബന്ധം അവതരിപ്പിക്കും. വിദ്യാഭ്യാസരംഗത്തും തൊഴിലിടങ്ങളിലും എഐ ചെലുത്താവുന്ന സ്വാധീനം, തുറന്നുതരുന്ന തൊഴിൽ സാധ്യതകൾ എന്നിവയെല്ലാം ചർച്ച ചെയ്യും.
പ്രവേശനം സൗജന്യമാണ്. ഇതോടൊപ്പം വിവിധ വകുപ്പുകളും സ്ഥാപനങ്ങളും ഒരുക്കുന്ന എക്സിബിഷൻ സ്റ്റാളുകൾ, കലാ-സാംസ്കാരിക പരിപാടികൾ, ഫുഡ് കോർട്ട് എന്നിവയുമുണ്ടാകും.
വിദ്യാർഥികൾക്കുള്ള ക്വിസ് മത്സരവുമുണ്ടാകും. കോണ്‍ക്ലേവുമായി ബന്ധപ്പെട്ട വിവരങ്ങൾ https://icgaife2. ihrd.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. രജിസ്ട്രേഷൻ https://icgaife2. ihrd.ac.in/index.php/registration എന്ന ലിങ്കിലൂടെ നടത്താം.