റെയിൽവേയുമായുള്ള പ്രാഥമിക ചര്‍ച്ച പോസിറ്റീവെന്ന് കെ റെയില്‍ എംഡി
Friday, December 6, 2024 2:44 AM IST
കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് വീണ്ടും ജീവന് വയ്ക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് കെ റെയില്‍ അധികൃതരുമായി ദക്ഷിണ റെയില്‍വേ അധികൃതർ ചര്‍ച്ച നടത്തി.
പ്രാഥമിക ചര്‍ച്ച പോസിറ്റീവാണെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും കെ റെയില്‍ എംഡി അജിത് കുമാര്‍ പറഞ്ഞു.
എറണാകുളത്തെ ചീഫ്അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലെ യോഗത്തിനുശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
റെയില്‍വേ നിര്‍മാണവിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഷാജി സക്കറിയയുമായായിരുന്നു കൂടിക്കാഴ്ച.
കെ-റെയില്‍ സമര്‍പ്പിച്ച ഡിപിആറുമായി ബന്ധപ്പെട്ട് റെയില്‍വേ മുന്നോട്ടുവച്ച നിര്‍ദേശങ്ങളിലെ തുടര്‍ചര്‍ച്ചകളാണ് ഇനി ഇരുവിഭാഗവും തമ്മില്‍ നടക്കേണ്ടത്. റെയില്‍വേയുടെ മറ്റു ട്രെയിനുകള്‍ ഓടുന്ന രീതിയില്‍ക്കൂടി പാത വേണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇതുകൂടി കണക്കിലെടുത്ത് ഡിപിആറില്‍ മാറ്റമുണ്ടായേക്കുമെന്നാണ് സൂചന.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സില്‍വര്‍ലൈന്‍ ട്രെയിനുകള്‍ മാത്രം ഓടുന്ന പാതയാണു സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. മറ്റു വേഗമേറിയ ട്രെയിനുകളും ചരക്കുഗതാഗതവും സാധ്യമാക്കുന്ന ലൈനാകണമെന്നാണു റെയില്‍വെ നിര്‍ദേശം.
സില്‍വര്‍ ലൈന്‍ ഡിപിആര്‍ പ്രകാരം നിലവില്‍ വിഭാവനം ചെയ്തിരിക്കുന്നത് സ്റ്റാന്‍ഡേര്‍ഡ് ഗേജാണ്. എന്നാല്‍, ഡിപിആറില്‍ മാറ്റം വരുത്തി ബ്രോഡ്ഗേജ് ആക്കണമെന്ന നിര്‍ദേശമാണു റെയില്‍വെ മുന്നോട്ടുവയ്ക്കുന്നത്.