നവീന്‍ ബാബുവിന്റെ മരണം; "കൂട്ടിലടച്ച തത്ത'(സിബിഐ) വേണ്ടെന്നു സർക്കാർ
Friday, December 6, 2024 2:44 AM IST
കൊച്ചി: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടു സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍.
പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും കുടുംബത്തിന്റെ എല്ലാ ആശങ്കയും പരിശോധിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഭാര്യ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാടറിയിക്കുക. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും അതു ബലപ്പെടുത്തുന്ന ഒട്ടേറെ വസ്തുതകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു ഭാര്യ കോടതിയെ സമീപിച്ചത്.
സിപിഎം ജില്ലാ കമ്മിറ്റിയംഗമായ പ്രതിക്ക് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ പോലീസില്‍നിന്ന് നിഷ്പക്ഷമായ അന്വേഷണവും തുടര്‍ നടപടികളും പ്രതീക്ഷിക്കുന്നില്ലെന്നും ആരോപിച്ചിരുന്നു.
സാക്ഷിയായ പ്രശാന്തന്റെ പേരും ഒപ്പും മാറിയിട്ടും നടപടിയുണ്ടാകാത്തത് സ്വാധീനത്തിന്റെ ഭാഗമാണെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചിരുന്നു.
കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശിച്ച കോടതി സിബിഐ അന്വേഷണം സംബന്ധിച്ച് സര്‍ക്കാരിനോടു വിശദീകരണം തേടിയിരുന്നു. സംസ്ഥാന പോലീസിന്റെ അന്വേഷണം കാര്യക്ഷമമാണെന്നും സിബിഐ അന്വേഷണം വേണ്ടെന്നും സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും.
കണ്ണൂര്‍ എഡിഎമ്മായിരുന്ന പത്തനംതിട്ട സ്വദേശി കെ. നവീന്‍ ബാബുവിനെ ഒക്ടോബര്‍ 15നാണ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
സ്വന്തം നാട്ടിലേക്കു സ്ഥലംമാറ്റമായതിനെത്തുടര്ന്ന് തലേന്നു നടന്ന യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ നവീനെ അഴിമതിക്കാരനായി ചിത്രീകരിച്ച് സംസാരിച്ചിരുന്നു. ഇതില്‍ മനംനൊന്തു ജീവനൊടുക്കിയെന്നാണ് പോലീസ് കേസ്. പ്രേരണാക്കുറ്റത്തിന് അറസ്റ്റിലായ ഏക പ്രതി പി.പി. ദിവ്യ ഇപ്പോള്‍ ജാമ്യത്തിലാണ്.