സമഗ്രവിമോചകന്റെ ജനനം
Friday, December 6, 2024 2:07 AM IST
റവ. ഡോ. ദേവമിത്ര നീലങ്കാവില്
സമഗ്രവിമോചകനായി ദൈവപുത്രൻ മനുഷ്യനായി ഈ ഭൂമിയിൽ ജനിച്ചതിന്റെ ഓർമയും ആഘോഷവുമാണ് ക്രിസ്മസ്. ദൈവപുത്രന്റെ മനുഷ്യാവതാരത്തിന് നൂറ്റാണ്ടുകൾക്കു മുന്പ് ഏശയ്യാ പ്രവാചകൻ വരാനിരിക്കുന്ന വിമോചകനെക്കുറിച്ച് ഇപ്രകാരം പ്രവചിച്ചു: ‘ദൈവമായ കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.
ബന്ധിതർക്ക് മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും കർത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കുവാൻ അവിടന്ന് എന്നെ അയച്ചിരിക്കുന്നു’ (ലൂക്കാ 4:18-19). സ്വന്തം ദേശത്തെ സിനഗോഗിൽ ഈ ഭാഗം വായിച്ചതിനുശേഷം ഈശോതന്നെ പ്രഖ്യാപിച്ചു; ഈ വചനം പൂർത്തിയായി.
ഈശോമിശിഹാ ആത്മാവിന്റെയും ശരീരത്തിന്റെയും വിമോചകനും രക്ഷകനുമാണ്. അതുകൊണ്ടുതന്നെ ഈശോയെ ചരിത്രത്തിൽ കാണുന്നത് സമഗ്രവിമോചകനായാണ്. തന്റെ കുരിശിലെ ബലി വഴിയായി ഈശോ മനുഷ്യവംശത്തെ പാപത്തിൽനിന്നും ശാപത്തിൽനിന്നും പിശാചിൽനിന്നും മോചിപ്പിച്ചു.
അങ്ങനെ പാപപങ്കിലമായിരുന്ന മനുഷ്യാത്മാവിനെ വീണ്ടെടുത്ത് വിശുദ്ധീകരിച്ച്, രക്ഷിച്ചു. നശ്വരമായ മനുഷ്യശരീരത്തിൽ വസിക്കുന്ന ആത്മാവിനെ രക്ഷിക്കുന്നതിനോടൊപ്പം മനുഷ്യശരീരത്തിന് ഈശോ അനശ്വരത പ്രദാനംചെയ്തു. അന്ത്യദിനത്തിൽ ദൈവം മനുഷ്യശരീരത്തെ ഉയിർപ്പിച്ച് പുതുതാക്കുന്നു.
അന്ത്യദിനത്തിൽ ഉയിർപ്പിക്കപ്പെടേണ്ട ശരീരത്തെയും ശരീരത്തിന്റെ ആവശ്യങ്ങളെയും നിഷേധിച്ചുകൊണ്ടല്ല ഈശോ സുവിശേഷം അറിയിച്ചത്.
‘സ്വർഗം സ്വന്തമാക്കണമെങ്കിൽ തന്റെ മുഖം അപരനിൽക്കണ്ട് വിശക്കുന്നവന് ആഹാരവും ദാഹിക്കുന്നവന് വെള്ളവും പാർപ്പിടമില്ലാത്തവന് പാർപ്പിടവും പരദേശിക്ക് അഭയവും രോഗിക്ക് ചികിത്സയും കാരാഗൃഹവാസിക്ക് നീതിയും സാമിപ്യവും സംലഭ്യമാക്കണം’ എന്ന് അഞ്ച് അപ്പംകൊണ്ട് അയ്യായിരം പേരെ തീറ്റിപ്പോറ്റിയവനും അനേകരുടെ ശരീരത്തിന് സൗഖ്യം നൽകിയവനുമായ ഈശോ എന്ന സമഗ്രവിമോചകൻ പഠിപ്പിച്ചു.
സാമൂഹിക നീതിക്ക് അനിവാര്യമായ സാന്പത്തിക പങ്കുവയ്പ്, സമഗ്രവിമോചകന്റെ സന്ദർശനവേളയിൽ സക്കേവൂസിലും ലേവിയിലും സംഭവിക്കുന്നതായി സുവിശേഷങ്ങളിൽ നാം വായിക്കുന്നു.
ദേവാലയത്തെ കച്ചവടസ്ഥലമാക്കിയവരെ സമഗ്രവിമോചകൻ ആട്ടിയോടിച്ചു.സ്ത്രീകളെയും അടിമകളെയും മൃഗങ്ങളെയും വിലകൊടുത്തു വാങ്ങിയിരുന്ന ഒരു പശ്ചാത്തലത്തിൽനിന്നുകൊണ്ട് സ്ത്രീകളുടെ ഉന്നമനത്തിനും ഔന്നത്യത്തിനുമായി സമഗ്രവിമോചകൻ പ്രയത്നിച്ചു. ഏകപക്ഷീയമായി പുരുഷാരം കല്ലെറിഞ്ഞുകൊല്ലെണമെന്ന് വിധികല്പിക്കാൻ ആഗ്രഹിച്ച വ്യഭിചാരിണിയോട് സമഗ്രവിമോചകൻ പറഞ്ഞു: ‘ഞാനും നിന്നെ വിധിക്കുന്നില്ല, മേലിൽ പാപം ചെയ്യരുത്’.
വ്യഭിചാരിണിയിൽപോലും ദൈവമുഖം ദർശിച്ച ദൈവപുത്രൻ എല്ലാവരാലും പരിത്യക്തനായി, അവഹേളിക്കപ്പെട്ട്, നിന്ദ്യനായി പരസ്യവിചാരണയെ തുടർന്ന് രണ്ടു കൊടുംകുറ്റവാളികളോടൊപ്പം കുരിശിൽ തൂക്കപ്പെട്ടു. തന്റെ സഹനത്തിനിടയിലും സമഗ്രവിമോചകൻ തന്നെ ദ്രോഹിച്ചവരോട് ക്ഷമിച്ചുകൊണ്ട് താൻ പഠിപ്പിച്ച ശത്രുസ്നേഹം പ്രാവർത്തികമാക്കി. മാത്രമല്ല ‘നീ ഇന്ന് എന്നോടുകൂടെ പറുദീസയിലായിരിക്കും’ എന്നുപറഞ്ഞുകൊണ്ട് കരുണയ്ക്കായി യാചിച്ച കുറ്റവാളിയെ ഈശോ രക്ഷിച്ചു.
ആത്മാവിന്റെയും ശരീരത്തിന്റെയും വീണ്ടെടുപ്പുകാരനും രക്ഷിതാവുമായ സമഗ്ര വിമോചകന്റെ സുവിശേഷം മുൻകാലങ്ങളേക്കാൾ ഇന്ന് ഏറെ പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. സാന്പത്തികവും സാമൂഹികവുമായ അന്യായങ്ങളും അനീതികളും അധാർമികമായ നിയമങ്ങളും ഇന്നും ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു.
സമഗ്രവിമോചകനെ പിൻപറ്റുന്നവർക്ക് ഈ ലോക ജീവിതത്തിൽ, സമഗ്രവിമോചകന്റെ ഗതിവരും എന്നു പ്രതീക്ഷിച്ചുകൊണ്ടും വരാനിരിക്കുന്ന ജീവിതത്തിലെ വിജയവും സന്തോഷവും മുന്നിൽകണ്ടുകൊണ്ടും സമഗ്രവിമോചകന്റെ പ്രവൃത്തികൾ തുടരാൻ ഈ വിമോചകന്റെ ജന്മോത്സവം പ്രചോദനമാകട്ടെ!