ബിപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി: സര്‍ക്കാരിന്റെ വിശദീകരണം തേടി
Friday, December 6, 2024 2:07 AM IST
കൊച്ചി: സിപിഎം വിട്ടു ബിജെപിയില്‍ ചേര്‍ന്ന ആലപ്പുഴയിലെ ബിപിന്‍ സി. ബാബു നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ഭാര്യ നല്കിയ ഗാര്‍ഹിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടുന്ന ഹര്‍ജിയിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് വിശദീകരണം തേടിയത്.
പാര്‍ട്ടി വിട്ടു ബിജെപിയില്‍ ചേര്‍ന്നതിന്റെ ഭാഗമായുള്ള രാഷ്ട്രീയ പകപോക്കലാണ് പരാതിക്കു പിന്നിലെന്നും പരാതി അടിസ്ഥാനരഹിതമാണെന്നും ആരോപിച്ചാണു ഹര്‍ജി നല്‍കിയിരിക്കുന്നത്.
തന്റെ പിതാവില്‍നിന്ന് ബിപിന്‍ സി. ബാബു പത്തു ലക്ഷം രൂപ സ്ത്രീധനം വാങ്ങിയെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു ശാരീരികമായി ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടി ഭാര്യ മിനിസ നല്കിയ പരാതിയിലാണു ഹര്‍ജിക്കാരനെതിരേ കേസെടുത്തിട്ടുള്ളത്.