നഴ്സിംഗ് പ്രവേശനത്തില്‍ നടക്കുന്നത് കള്ളക്കച്ചവടം: വി.ഡി. സതീശൻ
Friday, December 6, 2024 2:07 AM IST
തിരുവനന്തപുരം: നഴ്സിംഗ് പ്രവേശനത്തില്‍ വലിയ കള്ളക്കച്ചവടമാണ് നടന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സര്‍ക്കാരിനു മെറിറ്റില്‍ കിട്ടേണ്ട 37 സീറ്റുകളിലാണ് മാനേജ്മെന്റ് പ്രവേശനം നടത്തിയത്. പ്രവേശനം അട്ടിമറിച്ച രണ്ടു മാനേജ്മെന്റുകളുമായും സിപിഎമ്മിനു ബന്ധമുണ്ട്.
വാളകം മെഴ്സി നഴ്സിംഗ് കോളജിലും വടശേരിക്കര ശ്രീ അയ്യപ്പ കോളജിലുമാണ് സര്‍ക്കാരിനു കിട്ടേണ്ട സീറ്റുകളില്‍ മാനേജ്മെന്റ് പ്രവേശനം നടത്തിയത്. നഴ്സിംഗ് പ്രവേശനത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നതാണ്.
രണ്ട് കോളജ് മാനേജ്മെന്റുകളും ആരെ സ്വാധീനിച്ചാണ് മെറിറ്റ് അട്ടിമറിച്ചതെന്നും ഇതിനു പകരമായി ഈ മാനേജ്മെന്റുകള്‍ സിപിഎമ്മിന് എന്താണ് ചെയ്തുകൊടുത്തതെന്നും വ്യക്തമാകേണ്ടതുണ്ട്.
ഡീലിമിറ്റേഷനുമായി ബന്ധപ്പെട്ട് സിപിഎം സര്‍വീസ് സംഘടനകളില്‍പ്പെട്ട ഉദ്യോഗസ്ഥരെ മാത്രമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. നടപടികള്‍ അട്ടിമറിക്കുന്നതിനു വേണ്ടിയാണോ ഇതെന്ന് സംശയമുണ്ടെന്നും വി.ഡി. സതീശന് പറഞ്ഞു.