ജീവനില്ലാതെ ജല്‍ജീവന്‍ ; കുടിവെള്ളം ഇനിയുമെത്തിയില്ല
Friday, December 6, 2024 2:07 AM IST
സിജോ പൈനാടത്ത്
കൊച്ചി: ഗ്രാമങ്ങളിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന ജല്‍ജീവന്‍ മിഷന് കുടിവെള്ള പദ്ധതി പ്രതിസന്ധിയില്‍. ഈ വർഷം സംസ്ഥാനത്ത് 40 ലക്ഷത്തോളം കുടിവെള്ള കണക്ഷനുകള്‍ നല്കാന് ലക്ഷ്യമിട്ട പദ്ധതിയില്‍ ഇതുവരെ നല്‍കിയത് ഏഴു ലക്ഷം മാത്രം. കണക്ഷനുകള്‍ സ്ഥാപിച്ചിടത്തേക്ക് കുടിവെള്ളമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും എങ്ങുമെത്തിയിട്ടില്ല.
ജല്‍ജീവന്‍ മിഷന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം പദ്ധതികള്‍ക്ക് അനുമതി ലഭിച്ചത്. ഇവിടെ 403 പദ്ധതികള്‍ക്കു ടെൻഡര്‍ നല്‍കിയെങ്കിലും പൂര്‍ത്തിയാക്കിയത് 52 എണ്ണം മാത്രമാണ്.
തൃശൂരില്‍ 342 പദ്ധതികളില്‍ 13 എണ്ണമാണു കണക്ഷനുകള്‍ നല്കുന്ന ഘട്ടം വരെയെത്തിയത്. കോട്ടയത്ത് 286ല്‍ പൂര്‍ത്തിയാക്കിയത് ഒന്നു മാത്രം. എറണാകുളത്ത് പദ്ധതികള്‍ 257 ഉണ്ടെങ്കിലും നിര്‍മാണം നടന്നത് 97 ഇടത്തു മാത്രം.
വയനാട്ടില്‍ 51 ജല്‍ജീവന്‍ പദ്ധതികളില്‍ ഒന്നും തുടങ്ങിയിട്ടില്ല. കാസര്‍ഗോഡ് 108 പദ്ധതികളില്‍ പൂര്‍ത്തിയായത് അഞ്ചെണ്ണം മാത്രമാണ്. പൂര്ത്തിയാക്കിയിടത്തൊന്നും വെള്ളമെത്തിയിട്ടുമില്ല.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെയാണു ജല്‍ജീവന്‍ മിഷനിലെ ജലവിതരണ പദ്ധതികള്‍ നടപ്പാക്കുന്നത്.
പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പുതിയ ടെൻഡറുകള്‍ വിളിക്കുന്നതിനുള്ള കേന്ദ്രാനുമതി ഇനിയും ലഭിക്കാത്തതാണു തടസമെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത വര്‍ഷം ഡിസംബര്‍ വരെ പദ്ധതിയുടെ കാലാവധി നീട്ടണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടുമില്ല.
വെള്ളം ഇല്ലെങ്കിലെന്താ, റോഡ് പൊളിച്ചിട്ടിട്ടുണ്ട്..!
ജല്‍ജീവന്‍ പദ്ധതി തുടങ്ങിയ പലയിടത്തും കരാറുകാര്‍ ഉപേക്ഷിച്ചു പോയ നിലയിലാണ്. കണക്ഷന് എത്തിച്ച വീടുകളിലേക്ക് എന്നു വെള്ളമെത്തിക്കും എന്നതില്‍ കരാറുകാര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും വ്യക്തതയില്ല.
പദ്ധതിയുടെ ഭാഗമായി പൈപ്പുകള്‍ സ്ഥാപിക്കാന്‍ ഗ്രാമീണ റോഡുകള്‍ വ്യാപകമായി കുത്തിപ്പൊളിച്ചിരുന്നു. ഇതു യഥാസമയം പൂര്വസ്ഥിതിയിലാക്കാത്തതിന്റെ ദുരിതവും ജനങ്ങള്‍ക്കാണ്. ഇതിന്റെ പേരില്‍ പലയിടത്തും പ്രതിഷേധം ശക്തമാണ്.
പൈപ്പുകള്‍ സ്ഥാപിക്കാന്‍ റോഡ് പൊളിച്ചതിന്റെ ഉത്തരവാദിത്വം ജല്‍ജീവന്‍ മിഷനാണെന്നു പറഞ്ഞ് കൈകഴുകുകയാണു തദ്ദേശ സ്ഥാപനങ്ങള്‍.