കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി മാർച്ച് നടത്തി
Friday, December 6, 2024 2:07 AM IST
കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്കായി കേരളം സമര്‍പ്പിച്ച ഡിപിആര്‍ അംഗീകരിക്കാനാകില്ലെന്നു കേന്ദ്ര റെയില്‍വെ മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ റെയില്‍വെയുമായി കെ റെയില്‍ എംഡി എറണാകുളത്തു നടത്തിയ ചര്‍ച്ച പ്രഹസനമാണെന്ന് കെ റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി.
യാതൊരു പഠനവും നടത്താതെ, ഏതാനും മിനിറ്റുകള്‍കൊണ്ടു ചര്‍ച്ച നടത്തിയെന്നു പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും ജനകീയ സമിതി ആരോപിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നേടിയെടുക്കാനുള്ള കെ റെയിലിന്റെ നീക്കത്തിനെതിരേ സമിതിയുടെ നേതൃത്വത്തില്‍ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനു മുന്നില്‍ മാര്‍ച്ചും പ്രതിഷേധ സംഗമവും നടത്തി.
ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്മാന് വിനു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി കെ. ശൈവപ്രസാദ്, ചെയര്മാന് എം.പി. ബാബുരാജ്, വി.പി. ജോർജ്, സമരസമിതി ജനറല്‍ കണ്‍വീനര്‍ എസ്. രാജീവന് തുടങ്ങിയവര്‍ പ്രസംഗിച്ചു. കോഴിക്കോടും കോട്ടയത്തും പ്രതിഷേധ പരിപാടികള്‍ നടന്നു.