എലത്തൂര്‍ ഇന്ധനശാലയിലെ ഡീസല്‍ ചോര്‍ച്ച ഗുരുതരം ; എച്ച്പിസിഎലിനെതിരേ പിസിബി കേസെടുത്തു
Friday, December 6, 2024 2:07 AM IST
കോഴിക്കോട്: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡിന്റെ (എച്ച്പിസിഎല്‍) എലത്തൂര്‍ ഇന്ധന സംഭരണശാലയിലുണ്ടായ ഡീസല്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പൊല്യുഷന്‍ കണ്ട്രോള് ബോര്‍ഡ് (പിസിബി) കേസെടുത്തു.
ഫാക്ടറീസ് ആക്ടിലെ സെക്ഷന്‍ 92, 96 വകുപ്പുകള്‍ പ്രകാരമാണ് എച്ച്പിസിഎലിനെതിരേ കേസെടുത്തത്. പിഴയ്ക്കു പുറമേ തടവുശിക്ഷയുംകൂടി ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. എച്ച്പിസിഎല്ലിന് പിസിബി കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുകയും ചെയ്തു.
അതിനിടെ, ഇന്ധന ചോര്‍ച്ചയില്‍ എച്ച്പിസിഎല്ലിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ഭാഗ്യംകൊണ്ടാണ് വന്‍ ദുരന്തം ഒഴിവായതെന്നും ജില്ലാ കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച വിവിധ ഉദ്യോഗസ്ഥരുമായും എച്ച്പിസിഎല്‍ അധികൃതരുമായും കളക്ടര്‍ ചര്‍ച്ച നടത്തി.
ഇന്ധനശാലയിലെ ഇലക്ട്രോണിക്-മെക്കാനിക്കല്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടതാണു ഡീസല്‍ ചോര്‍ച്ചയ്ക്ക് കാരണമെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി. ഇന്ധനം നിറയുന്നത് അറിയിക്കുന്ന സെന്‍സര്‍ ഗേജിലുണ്ടായ പിഴവാണു ചോര്‍ച്ചയിലേക്കു നയിച്ചതെന്നാണു എച്ച്പിസിഎല്‍ അധികൃതര്‍ കളക്ടറെ അറിയിച്ചത്.
1,500 ലിറ്റര്‍ ഇന്ധനം ചോര്‍ന്നതായാണു പ്രാഥമിക വിലയിരുത്തല്‍. മണ്ണിനടിയിലെ ടാങ്കിലെ ചോര്‍ച്ചയുടെ ഉറവിടം പരിശോധിക്കാന്‍ എച്ച്പിസിഎലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടാങ്കിലെ ഡീസല്‍ പൂര്‍ണമായും മാറ്റിയ ശേഷം വെള്ളം നിറച്ച് ചോര്‍ച്ചയുണ്ടോ എന്നു പരിശോധിക്കും.
ഡീസല്‍ ചോര്‍ച്ചമൂലം മലിനമായ ജലാശയങ്ങളും മണ്ണും ശുദ്ധീകരിക്കാന്‍ അടിയന്തര നടപടി ഉണ്ടാകും. മുംബൈയില്‍നിന്നു സ്പെഷല്‍ ഓയില്‍ ഡിസ്പെര്‍സന്റ് ലിക്വിഡ് എത്തിച്ച് ഇന്ന് രാവിലെ ശുചീകരണം ആരംഭിക്കും.
ഡീസല്‍ ഓവുചാലിലൂടെ ഒഴുകി പുഴയിലും ബീച്ചിലും എത്തിയിട്ടുണ്ട്. പുഴയിലെ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിട്ടുണ്ട്. ഏകദേശം രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സത്വര നടപടി ഉണ്ടാവും.
ദുരന്തനിവാരണം, മലിനീകരണ നിയന്ത്രണം, ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ്, ആരോഗ്യം, കോര്പറേഷന്, റവന്യു തുടങ്ങിയ വകുപ്പുതല ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ഇവര്‍ നല്കുന്ന റിപ്പോര്‍ട്ടില്‍, സ്ഥാപനത്തിന്റെ ഭാഗത്തുനിന്നു ചട്ടലംഘനമുണ്ടായതായി കണ്ടെത്തിയാല്‍ നടപടി കൈക്കൊള്ളും.
മലിനീകരണ തോത് നിശ്ചയിച്ചശേഷം ഫാക്ടറീസ് ആക്ട്, എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ആക്ട് എന്നിവ പ്രകാരം നഷ്ടപരിഹാരം ഈടാക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരമാണ് ഇന്ധന സംഭരണ ശാലയില്‍ ചോര്‍ച്ചയുണ്ടായി ഡീസല്‍ പുറത്തേക്ക് ഒഴുകിയത്. കുടിവെള്ള സ്രോതസുകളില്‍ ഡീസല്‍ ഒഴുകിയെത്തിയതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ രാത്രിതന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതിനിടെ, ഇന്നലെ രാവിലെയും ഡീസല്‍ ചോര്‍ന്നത് പ്രതിഷേധം കടുപ്പിച്ചു.
തീ പടരാതിരിക്കാന്‍ എച്ച്പിസിഎല്‍ അധികൃതരും നാട്ടുകാരും ചേര്‍ന്ന് ഓവുചാലില്‍നിന്നു ഡീസല്‍ പാത്രങ്ങളിലും ബാരലുകളിലും ശേഖരിച്ചിരുന്നു. സ്ഥലത്ത് അഗ്നിരക്ഷാസേന നിരീക്ഷണം നടത്തുന്നുണ്ട്. മലബാറിലെ അഞ്ചു ജില്ലകളിലേക്കു ഇന്ധനം വിതരണം ചെയ്യുന്ന സംഭരണ ശാലയിലാണ് ചോര്‍ച്ചയുണ്ടായത്.