ആത്മകഥ: പാർട്ടിയുടെ അനുമതി തേടുമെന്ന് ഇ.പി. ജയരാജൻ
Friday, December 6, 2024 2:07 AM IST
കണ്ണൂർ: ആത്മകഥയുടെ ആദ്യഭാഗം ഈ മാസം പൂർത്തിയാക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ.
രണ്ടോ, മൂന്നോ ഭാഗങ്ങളിലായാണ് പുസ്തകം പ്രസിദ്ധീകരിക്കുക. ആദ്യഭാഗം പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതിക്കായി ഉടൻ പാർട്ടിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ഇപി.
“പ്രസാധകർ ആരെന്ന കാര്യത്തിൽ ഇതുവരെ തീരുമാനിച്ചിട്ടില്ല. നിരവധിപേർ ഇതിനകം സമീപിച്ചിട്ടുണ്ട്. നേരത്തേ പുറത്തുവന്നത് എന്റെ ആത്മകഥയല്ല. അതുമായി എനിക്ക് ഒരു ബന്ധവുമില്ല. എന്റെ പുസ്തകം ഞാനറിയാതെ പ്രസിദ്ധീകരിച്ചവർക്കെതിരേ നിയമ നടപടി തുടരും” - ഇപി വ്യക്തമാക്കി.
നേതൃത്വം മനസുവച്ചിരുന്നെങ്കിൽ ഇ.പി. ജയരാജൻ ബിജെപിയിൽ എത്തിയേനെ എന്ന ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവന ഏറ്റവും വലിയ വിഡ്ഢിത്തമാണെന്നും ചോദ്യത്തിനു മറുപടിയായി ഇ.പി. ജയരാജൻ പറഞ്ഞു.