സമുദ്ര അലങ്കാരമത്സ്യങ്ങളുടെ വിത്തുത്പാദന സാങ്കേതികവിദ്യയുമായി സിഎംഎഫ്ആര്‍ഐ
Friday, December 6, 2024 2:07 AM IST
കൊച്ചി: സമുദ്ര അലങ്കാരമത്സ്യ മേഖലയില്‍ നിര്‍ണായക നേട്ടവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഉയര്‍ന്ന വിപണിമൂല്യമുള്ള കടല്‍ വര്‍ണമത്സ്യങ്ങളായ ഡാംസെല്‍, ഗോബി വിഭാഗങ്ങളില്‍പ്പെട്ട രണ്ടു മീനുകളുടെ കൃത്രിമ വിത്തുത്പാദനം സിഎംഎഫ്ആര്‍ഐ വിജയകരമായി പൂര്‍ത്തിയാക്കി.
അക്വേറിയങ്ങളിലെ കടല്‍ സുന്ദരികളായി അറിയപ്പെടുന്ന അസ്യൂര്‍ ഡാംസെല്‍, ഓര്‍ണേറ്റ് ഗോബി എന്നീ മീനുകളുടെ വിത്തുത്പാദന സാങ്കേതികവിദ്യയാണു സിഎംഎഫ്ആര്‍ഐയുടെ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിലെ ഗവേഷകര്‍ വികസിപ്പിച്ചത്.
അക്വേറിയം ഇനങ്ങളില്‍ ആവശ്യക്കാരേറെയുള്ളതും അലങ്കാരമത്സ്യ പ്രേമികളുടെ ഇഷ്ട ഇനങ്ങളുമാണ് ഇവ രണ്ടും. കടലില്‍ പവിഴപ്പുറ്റുകളോടൊപ്പമാണ് അസ്യൂര്‍ ഡാംസലിന്റെ ആവാസകേന്ദ്രം.
കടുംനീല, മഞ്ഞ നിറങ്ങളും നീന്തുന്ന രീതികളുമാണ് പ്രധാന ആകര്‍ഷണീയത. അമിത ചൂഷണ ഫലമായി വംശനാശ ഭീഷണിയിലാണ് ഇവ. ഒരു മീനിന് 350 രൂപ വരെയാണു വില. വിദേശവിപണിയില്‍ മീനൊന്നിന് 25 ഡോളര്‍ വരെ ലഭിക്കും.