ട്രെയിനില്‍ ലൈംഗികാതിക്രമം: അഗളി സിഐക്കെതിരേ കേസ്
Friday, December 6, 2024 2:06 AM IST
കൊച്ചി: ട്രെയിനില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ സിഐക്കെതിരേ കേസ്. അഗളി എസ്എച്ച്ഒ കെ. അബ്ദുൾ ഹക്കീമിനെതിരേയാണു കേസ്.
കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ എറണാകുളം റെയില്‍വേ പോലീസാണ് കേസെടുത്തത്. ചൊവ്വാഴ്ച പാലരുവി എക്സ്പ്രസിലായിരുന്നു സംഭവം. അബ്ദുള്‍ ഹക്കിം ശബരിമല ഡ്യൂട്ടിക്ക് പോകുകയായിരുന്നു.
സീറ്റ് ഇല്ലാതിരുന്നതിനാല്‍ യുവതിയുടെ അടുത്തു ചെന്നിരുന്ന ഇയാള്‍ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതിനെത്തുടര്‍ന്ന് മറ്റു യാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചു.
പോലീസാണെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഇയാളെ ഇവിടെനിന്നു പിന്നീട് വിട്ടയച്ചതായാണ് ആരോപണം. തുടര്‍ന്ന് റെയില്‍വേ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി അബ്ദുള്‍ ഹക്കീമിനെ പ്രതിചേര്‍ക്കുകയായിരുന്നു.