കാപ്പ കേസിലെ പ്രതി പോലീസുകാരെ ആക്രമിച്ചു; രണ്ടുപേർക്കു കുത്തേറ്റു
Friday, December 6, 2024 2:06 AM IST
ഒല്ലൂർ: പടവരാട് കാപ്പ കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സിഐ ഉൾപ്പെടെ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കു കുത്തേറ്റു.
സിഐ ടി.പി. ഫർഷാദ്, സിപിഒ വിപിൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സിഐയുടെ ഇടതുതോളിനും സിപിഒ വിനോദിന്റെ കൈക്കുമാണു കുത്തേറ്റത്. ഇരുവരെയും ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അനന്തു എന്നുവിളിക്കുന്ന മാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. പുത്തൂരിൽ വഴിയാത്രക്കാരനെ ആക്രമിച്ച കേസിൽ അനന്തുവിനെ അന്വേഷിച്ച് എത്തിയപ്പോഴാണ് ആക്രമണം. സംഭവമറിഞ്ഞ് ഉയർന്ന ഉദ്യോഗസ്ഥർ ഒല്ലൂർ സ്റ്റേഷനിൽ എത്തിയിരുന്നു.