ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് തിരുവനന്തപുരത്ത്
Friday, December 6, 2024 2:06 AM IST
തിരുവനന്തപുരം: കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നപ്രവർത്തനങ്ങളുടെ ഭാഗമായി 7 മുതൽ 10 വരെ തിരുവനന്തപുരത്ത് ഉദ്യമ 1.0 എന്ന പേരിൽ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിക്കും.
ജനുവരിയിൽ കൊച്ചിൻ സർവകലാശാലയിൽ നടക്കുന്ന കോൺക്ലേവിന്റെ പ്രാരംഭമായി സംഘടിപ്പിക്കുന്ന ഉദ്യമ 1.0 യുടെ ഭാഗമായി ലോകോത്തര വീക്ഷണമുൾക്കൊള്ളുന്ന വിഷൻ ഡോക്യുമെന്റിന്റെ കരട് പ്രകാശനം ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആർ. ബിന്ദു അറിയിച്ചു.
നാലാം വ്യാവസായിക വിപ്ലവത്തിന്റെ അനന്തരഫലമായി ലോകത്താകമാനം തൊഴിൽമേഖല നേരിടുന്ന സങ്കീർണമായ വെല്ലുവിളികളെ അതിജീവിക്കുന്നതിന് പ്രാപ്തമാക്കുന്ന പരിപാടിയാണിത്. നിലവിലുള്ള പാഠ്യക്രമങ്ങളും സാങ്കേതികപരിശീലന പരിപാടികളും കാലാനുസൃതമായി പരിഷ്ക്കരിക്കുന്നതിന് സാങ്കേതിക വിദ്യാവിഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. കാലാനുസൃതമായി വെല്ലുവിളികളെ മറികടന്ന് വ്യവസായവും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം എങ്ങനെ ഇല്ലാതാക്കാം എന്നതിൽ പ്രധാന്യം നൽകിയാണ് ഉദ്യമ 1.0 ഒരുക്കുന്നത്.
വ്യവസായമേഖലയും സാങ്കേതികസ്ഥാപനങ്ങളും തമ്മിൽ സഹകരണം ഉറപ്പുവരുത്തുക. സാങ്കേതികവിദ്യാ കൈമാറ്റം, പുത്തൻ സാങ്കേതികവിദ്യകളുടെ ഉപയോഗം, ലാബുകളുടെയും വർക്ഷോപ്പുകളുടെയും നവീകരണം എന്നിവ സാധ്യമാക്കേണ്ടതുണ്ട്. ഇതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പാഠ്യക്രമം നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനുള്ള സാധ്യതകളെ സംബന്ധിച്ച് സാങ്കേതികവിദഗ്ധർ, അധ്യാപകർ, വിദ്യാർഥി പ്രതിനിധികൾ, പൂർവവിദ്യാർഥികൾ തുടങ്ങിയവർ ഉൾപ്പെടുന്ന സംവാദങ്ങൾ നടക്കും.
ഡിസംബർ ഏഴിന് ആരംഭിക്കുന്ന നാലുദിന കോൺക്ലേവ് ഡിസംബർ 10ന് സമാപിക്കുമ്പോൾ ഒരു വിഷൻ ഡോക്യുമെന്റ് രൂപീകരിക്കാൻ ഉതകുന്ന മാർഗ രേഖകൾ സർക്കാരിന് സമർപ്പിക്കും. വിവിധ സാങ്കേതിക മേഖലകളിൽ നിന്നുള്ള വിദഗ്ധർ, വ്യവസായ പ്രതിനിധികൾ എന്നിവരുൾപ്പെട്ട പാനലിന്റെ ചർച്ചകളിലൂടെ രൂപപ്പെടുന്ന ആശയങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വാംശീകരിച്ചാണ് വിഷൻ ഡോക്യുമെന്റ് തയാറാക്കുന്നത്.
ഏഴിന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ കോൺക്ലേവ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. അനിൽ സഹസ്രബുദ്ധ വിശിഷ്ടാതിഥി ആയിരിക്കും.
ഡിസംബർ എട്ടു മുതൽ പത്തു വരെ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നൂതന വ്യവസായശാലകൾ, എൻജിനിയറിംഗ് വിദ്യാഭ്യാസം, ജോലി സാധ്യതകൾ എന്നീ വിഷയങ്ങളിലായി വിദഗ്ധർ നയിക്കുന്ന ചർച്ചകൾ നടക്കും. കേരളത്തിലെ വിവിധ എൻജിനിയറിംഗ് പോളിടെക്നിക് കോളജുകളിൽ നിന്നു നാനൂറിൽപരം അധ്യാപകരും ചർച്ചകളിൽ പങ്കെടുക്കും.
ഡിസംബർ പത്തിന് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ഐഎജി കോൺക്ലേവ് ഗ്രാൻഡ് ഫിനാലെ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ചടങ്ങിൽ വിഷൻ ഡോക്യുമെന്റിന്റെ കരട് പ്രകാശനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
ഉദ്യമ 1.0 കോൺക്ലേവിന്റെ കൂടുതൽ വിവരങ്ങൾ udyamadtekerala.in വെബ്സൈറ്റിൽ.